LiveTV

Live

National

കശ്മീരില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി  

മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.

കശ്മീരില്‍  ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി  

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും വക്താവ് സ്റ്റീഫന്‍ ഡുജെറിക് അറിയിച്ചു.

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരു രാജ്യങ്ങളോടും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതെന്ന് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.

കശ്മീരിനെ ചൊല്ലി ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ പാകിസ്താന്‍റെ ആരോപണം ഇന്ത്യ നിഷേധിച്ചു. കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് മറുപടി നല്‍കി. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണ്. ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയുണ്ടായി.