LiveTV

Live

National

ഗുജറാത്ത് വംശഹത്യാ കാലത്തെ രണ്ടു മുഖങ്ങള്‍ വീണ്ടും കണ്ടുമുട്ടി; അശോക് പാമറുടെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്ത് ഖുത്തുബുദ്ദീന്‍ അന്‍സാരി 

ഗുജറാത്ത് വംശഹത്യാ കാലത്തെ രണ്ടു മുഖങ്ങള്‍ വീണ്ടും കണ്ടുമുട്ടി; അശോക് പാമറുടെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്ത് ഖുത്തുബുദ്ദീന്‍ അന്‍സാരി 

2002ലെ ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യം കാണിക്കുന്ന രണ്ട് ധ്രുവങ്ങളിലുള്ള ചിത്രങ്ങളായിരുന്നു കൈകൂപ്പി സഹായം ആവശ്യപ്പെടുന്ന ഖുത്തുബുദ്ദീന്‍ അന്‍സാരി എന്ന മുസ്‍‍ലിമിന്റെയും, കാവി റിബണ്‍ തലയില്‍ക്കെട്ടി കത്തിപിടിച്ച് ആക്രോശിക്കുന്ന അശോക് പാമര്‍(മോച്ചി) എന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും. രണ്ട് ചിത്രങ്ങളും ഗുജറാത്ത് വംശഹത്യയുടെ രണ്ട് വികാരങ്ങളായിരുന്നു പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് പിന്നീട് ഗുജറാത്ത് വംശഹത്യയുടെ ആഴവും തീവ്രതയും പൊതുജനമധ്യത്തിലേക്ക് എത്തിച്ചത്.


ഗുജറാത്ത് വംശഹത്യാന്തരം പിന്നീട് അശോക് പാമര്‍ കേരളത്തില്‍ വെച്ച് സി.പി.എം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയും ഖുത്തുബുദ്ദീന്‍ അന്‍സാരിയെ കാണുകയും പരസ്പരം സ്നേഹം കൈമാറുകയും ചെയ്തിരുന്നു. അന്നത്തെ ചിത്രങ്ങളിലെ രണ്ട് മനുഷ്യരും ഇന്ന് വീണ്ടും ഒത്തുചേര്‍ന്ന് തങ്ങളുടെ സനേഹം കൈമാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ അശോക് പാമറിന് പുതിയതായി തുടങ്ങിയ ‘ഏക്താ ചപ്പല്‍ ഘര്‍’ എന്ന ചെരുപ്പ് കട ഖുത്തുബുദ്ദീന്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ സനേഹം വീണ്ടും പ്രകടിപ്പിച്ചത്. സ്വന്തമായി കടയില്ലാതിരുന്ന അശോക് പാമറിന് സി.പി.എമ്മാണ് ഒന്നരലക്ഷം ചെലവഴിച്ച് പുതിയ കട നിര്‍മ്മിച്ചുകൊടുത്തത്. നേരത്തെ കേരളത്തില്‍ ജോലി വാഗ്ദാനം ചെയ്തെങ്കിലും ഭാഷാ പ്രശ്നം കാരണം എടുത്തില്ലെന്നും പുതിയ കട തന്റെ എല്ലാ പ്രശ്നങ്ങളും മാറ്റുമെന്ന് വിശ്വസിക്കുന്നതായും അശോക് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

‘ഇതാണ് എന്റെ ജീവിതത്തിലെ എറ്റവും വലിയ നിമിഷം. നേരത്തെ എനിക്ക് വീടുണ്ടായിരുന്നില്ല, ആദ്യം അടുത്തുള്ള സ്ക്കൂളിലായിരുന്നു ഉറങ്ങിയിരുന്നത്. സ്ക്കൂളില്‍ കുട്ടികള്‍ എത്തും മുന്‍പേ എഴുന്നേല്‍ക്കും. ഈ കട എനിക്ക് വീട് നിര്‍മ്മിക്കാനുള്ള പണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’; അശോക് പറഞ്ഞു.

കടയുടെ ഉദ്ഘാടനം റിബണ്‍ മുറിച്ച് നിര്‍വ്വഹിച്ച ഖുത്തുബുദ്ദീന്‍ അന്‍സാരി അശോക് പാമറുടെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതായി പറഞ്ഞു. ‘റോഡരികിലെ കച്ചവടം പ്രയാസകരമായിരുന്നു, ജീവിതത്തില്‍ പ്രയാസകരമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍ രണ്ടുപേരും. അശോകിന്റെ ജീവിതത്തില്‍ നല്ലത് വരാന്‍ പ്രാര്‍ഥിക്കുന്നു,’; ഖുത്തുബുദ്ദീന്‍ അന്‍സാരി ആശംസകള്‍ നേര്‍ന്നു.

2002 ഫെബ്രുവരി 27ന് സബര്‍മതി ട്രെയിനിന്‍റെ എസ് 6 ബോഗിക്ക് ഗോധ്ര റെയില്‍വെ സ്റ്റേഷനടുത്ത് വെച്ച് ഒരു കൂട്ടം ആളുകള്‍ തീവെച്ചു. അയോധ്യ തീര്‍‌ത്ഥാടകരുള്‍പ്പെടെ 59 പേര്‍ മരിച്ചു. പിറ്റേന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിലോടെയാണ് ഗുജറാത്ത് വംശഹത്യക്ക് തുടക്കമാവുന്നത്. നരോദയിലടക്കം വിവിധ മുസ്‍ലിം കോളനികളില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അരുംകൊലകളും കൂട്ടബലാത്സംഗങ്ങളും കൊള്ളയും തീവെപ്പും ദിവസങ്ങളോളം തുടര്‍ന്നു. ആയിരത്തിലധികം പേരാണ് 2002ലെ വംശഹത്യയില്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വംശഹത്യ തടയാന്‍ വേണ്ട ഒരു നടപടികളും കൈകൊള്ളാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.