LiveTV

Live

National

മഹാരാഷ്ട്രയിലും പൌരത്വ പട്ടിക കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം നവി മുംബൈ ആസൂത്രണ അതോറിട്ടിക്ക് കത്തയച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 മഹാരാഷ്ട്രയിലും പൌരത്വ പട്ടിക കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

അസ്സമിന് പിന്നാലെ മഹാരാഷ്ട്രയിലും പൌരത്വ പട്ടിക കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവി മുംബൈയില്‍ തടങ്കല്‍ നിര്‍മ്മാണത്തിനും നീക്കം നടക്കുന്നു എന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം നവി മുംബൈ ആസൂത്രണ അതോറിട്ടിക്ക് കത്തയച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 31നാണ് അസ്സമില്‍ പൌരത്വ പട്ടിക ഇറങ്ങിയതും 19 ലക്ഷം പേര്‍ പുറത്തായതും. ആശങ്കകള്‍ നിലനില്‍ക്കെ രാജ്യത്ത് ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന മഹാരാഷ്ട്രയിലും സമാനനീക്കം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമകലെ തടങ്കല്‍ പാളയ നിര്‍മ്മാണത്തിനും നീക്കം നടക്കുന്നു എന്നാണ് മഹാരാഷ്ട്ര സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വ്യത്തങ്ങള്‍ പറയുന്നത്.

നേറുളില്‍ 3 ഏക്കര്‍ വരെ സ്ഥലം ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ പോയന്റുകളിലും തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കേണ്ടതുണ്ട് എന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയാണ് ഇത്തരമൊരു നീക്കത്തിന് കൂടി മുതിരുന്നത്. നേരത്തെ തന്നെ സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. അസമിലേത് പോലെ പൌരത്വ രജിസ്റ്റര്‍ മഹാരാഷ്ട്രയിലും കൊണ്ട് വരണമെന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു.