LiveTV

Live

National

ഇമാമിനെയും ഭാര്യയെയും പള്ളിക്ക് സമീപം വെട്ടിക്കൊന്നു

ഇമാമിനെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട വിവരം അറിയുന്നത്.

ഇമാമിനെയും ഭാര്യയെയും പള്ളിക്ക് സമീപം വെട്ടിക്കൊന്നു

ഹരിയാനയിലെ സോനെപത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിയോട് ചേർന്നുള്ള മുറിയിൽ വെച്ച് ഇമാമിനെയും ഭാര്യയെയും അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. പാനിപട്ട് ജില്ലയിലെ മൊഹാലി ഗ്രാമത്തിൽ താമസിക്കുന്ന ഇർഫാൻ (36), ഭാര്യ യാസ്മിൻ ഏലിയാസ് മീന (25) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയവരാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇമാമിനെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട വിവരം അറിയുന്നത്.

മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസി പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം ദമ്പതിമാരെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രദേശവാസി പൊലീസിനോടു പറഞ്ഞു. “ഇമാമിനും ഭാര്യക്കും ഗ്രാമത്തിലെ ആരുമായും മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ല. ഭൂമി തർക്കത്തെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരം രണ്ട് സംഘങ്ങള്‍ തമ്മിൽ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ട ഇമാം പ്രശ്‌നം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതോടെ ഒരു സംഘം ഇമാമിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് സംഘം ഇമാമിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിതേന്ദർ സിങ് അറിയിച്ചു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡല്‍ഹിയിൽ വെച്ചായിരുന്നു ഇര്‍ഫാനും യാസ്മിനും വിവാഹിതരായത്.