LiveTV

Live

National

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാടിൽ പ്രതിഷേധവുമായി ഇന്ത്യ

നാളെ ആരംഭിക്കാനിരിക്കുന്ന ഐസ്ലാൻഡിലേക്കുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്കാണ് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത് 

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാടിൽ പ്രതിഷേധവുമായി ഇന്ത്യ

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാടിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാകിസ്താന്റെ നീക്കം ഏകപക്ഷീയമാണെന്നും രാഷ്ട്ര നേതാക്കൾ അടക്കമുള്ളവരുടെ വിമാനങ്ങൾക്ക് വ്യോമ പാത അടച്ച പതിവിന് വിപരീതമായ നടപടി അംഗീകരിക്കാനാകാത്തതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ കൂട്ടിച്ചേർത്തു.

നാളെ ആരംഭിക്കാനിരിക്കുന്ന ഐസ്ലാൻഡിലേക്കുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്കാണ് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത്. ഇന്നലെ വൈകുന്നേരമാണ് പാക് വിദേശകാര്യമന്ത്രി മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ നീക്കം അർത്ഥശൂന്യമാണ് ഇന്ത്യ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ വ്യർത്ഥമാണെന്ന് പാകിസ്താന്‍ തിരിച്ചറിയണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

സംഘർഷ സമയങ്ങളിൽ പോലും രാഷ്ട്രനേതാക്കൾ അടക്കമുള്ളവരുടെ വിവിഐപി പ്രത്യേക വിമാനങ്ങളുടെ വ്യോമ പാത നിഷേധിക്കാറില്ല. എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നടപടിയെ തുടർന്നുണ്ടായ സാഹചര്യങ്ങളാണ് വ്യോമപാത നിഷേധിക്കാൻ കാരണമെന്നാണ് പാകിസ്താന്റെ വിശദീകരണം. ഐസ്ലാൻഡ്. സ്വിസർലാന്റ്, സ്ലോവേനിയ എന്നിവിടങ്ങളിലായി 9 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ പുറപ്പെടാൻ നിശ്ചയിച്ചിരുന്നത്. വ്യോമപാത അടച്ച് അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ ചരക്കുനീക്കം തടയാനും പാകിസ്താന്‍ നേരത്തെ ശ്രമിച്ചിരുന്നു. ബലാകോട്ട് ആക്രമണത്തെ തുടർന്ന് അടച്ച വ്യോമപാത കഴിഞ്ഞ മാസമാണ് തുറന്നത്.

Also read: രാഷ്ട്രപതിക്ക് പാകിസ്താന്‍റെ വ്യോമ വിലക്കെന്ന് റിപ്പോര്‍ട്ട്