LiveTV

Live

National

അമിത് ഷാ ഇന്ന് അസ്സം സന്ദര്‍ശിക്കും; നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും

ദേശീയ പൌരത്വ രജിസ്റ്ററില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് സന്ദര്‍ശനം

 അമിത് ഷാ ഇന്ന് അസ്സം സന്ദര്‍ശിക്കും; നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും

ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസ്സം സന്ദര്‍ശിക്കും. ദേശീയ പൌരത്വ രജിസ്റ്ററില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് സന്ദര്‍ശനം. നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.

വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡല്‍ ഏജന്‍സിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍. 8 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് കൌണ്‍സിലില്‍ അംഗങ്ങളായുള്ളത്. കൌണ്‍സില്‍ യോഗശേഷം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും.

ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം, അസ്സം അക്കോഡിലെ 6ാം വകുപ്പ്, ബ്രൂ വിഭാഗങ്ങള്‍‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയാണ് അജണ്ടയിലുള്ള ചര്‍ച്ച വിഷയങ്ങള്‍. ഒപ്പം മേഖലയിലെ സുരക്ഷ അവലോകനവും നടത്തും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൌരത്വ പട്ടിക പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. നിയമപ്രകാരം ലഭ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും ഉപയോഗിച്ച ശേഷമേ പട്ടികയില്‍ നിന്ന് പുറത്ത് പോയവരുടെ കാര്യത്തില്‍ തുടര്‍നീക്കമുണ്ടാകൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.