LiveTV

Live

National

മോദിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഇസ്രോ മേധാവി; ഇതൊന്നും വിഷയമാക്കേണ്ടെന്ന് മോദി

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ മോദി ബെംഗളൂരുവിലെത്തിയിരുന്നു. 

മോദിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഇസ്രോ മേധാവി; ഇതൊന്നും വിഷയമാക്കേണ്ടെന്ന് മോദി

ചന്ദ്രയാൻ 2 ലാൻഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒക്ക് നഷ്ടപ്പെട്ട വാര്‍ത്ത നിരാശയോടെയാണ് രാജ്യം കേട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രോ മേധാവി കെ ശിവനെ കണ്ടു. ആരെയും കുറ്റപ്പെടുത്താതെ, പ്രചോദിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് വികാരാധീനനായ ഇസ്‌റോ മേധാവിയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മോദിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ഇസ്രോ മേധാവിയോട് ഇതൊന്നും അത്ര വിഷയമാക്കേണ്ടതില്ലെന്നായിരുന്നു മോദിയുടെ സാന്ത്വനിപ്പിക്കല്‍.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ മോദി ബെംഗളൂരുവിലെത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പ്രധാനമന്ത്രി ബെംഗളൂരുവിലെ ഇസ്‌റോ സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞരുമായി സംവദിച്ചു. ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ചന്ദ്രനെ സ്പർശിക്കാനുള്ള ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂടുതൽ ശക്തമായിരിക്കുന്നു, മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ." പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും നാളെ ഒരു പുതിയ പ്രഭാതവും തിളക്കവുമുണ്ടാകുമെന്ന് പറഞ്ഞു. ''ഞങ്ങൾ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് പറയാനുള്ളത്- ഇന്ത്യ നിങ്ങളോടൊപ്പമുണ്ട്. ദേശീയ പുരോഗതിയിൽ അവിശ്വസനീയമായ സംഭാവന നൽകിയ അസാധാരണ പ്രതിഭകളാണ് നിങ്ങൾ'' പ്രധാനമന്ത്രി പറഞ്ഞു. “സുസ്ഥിരതയും ദൃഢതയും ഇന്ത്യയുടെ ധാർമ്മികതയുടെ കേന്ദ്രമാണ്. നമ്മുടെ മഹത്തായ ചരിത്രത്തിൽ, നമ്മളെ മന്ദീഭവിപ്പിച്ചേക്കാവുന്ന നിമിഷങ്ങൾ നമ്മൾ അഭിമുഖീകരിച്ചിട്ടുണ്ട്, പക്ഷേ അവ ഒരിക്കലും നമ്മുടെ മനോവീര്യത്തെ തകർത്തിട്ടില്ല. നമ്മൾ‌ പിന്നീടും അതിശയകരമായ കാര്യങ്ങൾ‌ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ സംസ്കാരം ഉയരത്തിൽ നിൽക്കുന്നത്''അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ ഏജൻസിക്ക് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി മോദി ഇസ്‌റോ ശാസ്ത്രജ്ഞരോട് ധൈര്യമായിരിക്കാനും മികച്ചത് പ്രതീക്ഷിക്കാനും ആവശ്യപ്പെട്ടു. ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കി.മീ അകലെ വച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 1.38 നാണ് വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയത്. പത്ത് മിനിറ്റ് കൊണ്ട് മുന്‍ നിശ്ചയിച്ച പ്രകാരം ചന്ദ്രന്റെ 7.4 കി.മീ അടുത്തേക്ക് റഫ് ബ്രേക്കിങ്ങിലൂടെ താഴ്ത്തി. പിന്നീടായിരുന്ന ചരിഞ്ഞപാതയില്‍ സ‍ഞ്ചരിച്ച ലാന്‍ഡറിനെ ഇറക്കേണ്ട ഫൈന്‍ ബ്രേക്കിങ് ഘട്ടം. പൊടുന്നനെ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു. ആശങ്കയുടെ നിമിഷങ്ങള്‍. അല്‍പ സമയത്തിനകം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കി.മീ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡറില്‍ നിന്ന് ഇതുവരെ ലഭിച്ച ഡാറ്റകള്‍ പരിശോധിച്ച് വരികയാണെന്നും എന്ത് സംഭവിച്ചുവെന്ന് അതിന് ശേഷമേ പറയാനാകൂവെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.