പെഹ്ലുഖാന്; അന്വേഷണത്തില്‍ ഗുരുതര പിഴവെന്ന് പ്രത്യേക അന്വേഷണ സംഘം
അന്വേഷണം ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന പെഹ്ലുഖാന്റെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അന്വേഷണ സംഘത്തിന്റെയും കണ്ടെത്തലുകൾ

പെഹ്ലുഖാൻ ആൾക്കൂട്ട കൊലപാതക കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘവും കണ്ടെത്തിയതായി റിപ്പോർട്ട്. അന്വേഷണത്തിലെയും തെളിവ് ശേഖരണത്തിലെയും പിഴവുകളടക്കം 29 വീഴ്ചകളാണ് കണ്ടെത്തിയത്. അന്വേഷണ സംഘം റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന് സമർപ്പിക്കും.
കഴിഞ്ഞ മാസമാണ് പെഹ്ലുഖാൻ ആൾകൂട്ടകൊലപാതക കേസിലെ 6 പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ ആൽവാർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രതിഷേധം ശക്തമായതോടെ കേസന്വേഷണത്തിന് അശോക് ഗെഹ്ലോട്ട് സർക്കാർ മൂന്നംഗ പ്രത്യേക സംഘത്തെ അതെ നിയോഗിച്ചു.
സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ഡി.ഐ.ജി നിതിന്‍ ദീപ്, എ.എസ്.പി സുനില്‍ കുമാര്‍, എസ്.പി രണ്‍ധീര്‍ സിങ് എന്നിവർ അടങ്ങിയ സംഘത്തിന് 14 ദിവസം ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരുന്നത്.
തുടക്കം മുതൽ പൊലീസ് അന്വേഷണം ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന പെഹ്ലുഖാന്റെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അന്വേഷണ സംഘത്തിന്റെയും കണ്ടെത്തലുകൾ എന്നാണ് വിവരം.
പെഹ്ലുഖാന് കൊല്ലപ്പെട്ട സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് സംഘത്തെ ഉടൻ അറിയിച്ചില്ല. ഫൊറൻസിക് സംഘം എത്തിയത് 3 ദിവസത്തിന് ശേഷമാണ്. പശുക്കളെ കയറ്റിയ വാഹനം പരിശോധിച്ചില്ല, പരമാവധി തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ചില്ല, മൊഴികൾ രേഖപ്പെടുത്തിയില്ല എന്നിങ്ങനെയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍.
2017 ഏപ്രില്‍ രണ്ടിനാണ് ഹരിയാനയിലെ ജയ്സിങ്പുരയില് നിന്നും ജയ്പൂരിലേക്ക് വരുന്നതിനിടെ പെഹ്ലുഖാനും മക്കളും ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനത്തിനിരയായ പെഹ്ലുഖാന് ചികിത്സക്കിടെ മരിക്കുകയായിരുന്നു.