LiveTV

Live

National

‘നിര്‍ബന്ധിച്ച് സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു’; കശ്മീരി വിദ്യാര്‍ഥിക്ക് രാജസ്ഥാനില്‍ ക്രൂര മര്‍ദ്ദനം

‘നിര്‍ബന്ധിച്ച് സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു’; കശ്മീരി വിദ്യാര്‍ഥിക്ക് രാജസ്ഥാനില്‍ ക്രൂര മര്‍ദ്ദനം

രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നും കശ്മീരി യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കടുത്ത മര്‍ദ്ദനത്തിരയായ യുവാവിനെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കശ്മീര്‍ ബാരാമുള്ള സ്വദേശിയായ 23 വയസ്സുകാരന്‍ മിര്‍ ഫൈസിനാണ് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനത്തിരയാകേണ്ടി വന്നത്. അവസാനവര്‍ഷ എന്‍ജിയിറിങ് വിദ്യാര്‍ഥിയായ മിര്‍ ഫൈസ് നീംറാനയിലെ എയറോനോട്ടിക്സ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച്ച വൈകിട്ടാണ് മര്‍ദ്ദനത്തിന് കാരണമായ സംഭവം നടക്കുന്നത്. സമീപത്തുള്ള എ.ടി.എം സെന്ററില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോയ ഫൈസിനെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോവുകയായിരുന്നു. ശേഷം വിജനമായ സ്ഥലത്തെത്തിച്ച് ഫൈസിന്റെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച സംഘം സ്ത്രീയുടെ വസ്ത്രം ധരിപ്പിക്കുകയും സമീപത്തെ അങ്ങാടിയിലൂടെ നടത്തിക്കുകയും ചെയ്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘം പറഞ്ഞത് പോലെ നടന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഫൈസ് പറഞ്ഞു. അതിന് ശേഷം കുറച്ച് നടന്ന ഫൈസ് സ്വയരക്ഷക്ക് വേണ്ടി സമീപത്തെ എ.ടി.എമ്മില്‍ പ്രവേശിച്ചെങ്കിലും 20ഓളം വരുന്ന അജ്ഞാത സംഘം പുറത്തിറക്കിയതായും അങ്ങാടിയില്‍ വെച്ച് ആക്രമിച്ചതായും ഫൈസ് പറയുന്നു.

ഫൈസിനെ ആക്രമിച്ചതിനെക്കുറിച്ച് സഹോദരന്‍ ഫൈസല്‍ പറയുന്നതിങ്ങനെ:

‘എന്റെ സഹോദരന് ഗുരുതര പരിക്കുകളാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ ആരോഗ്യ പരിശോധന ഇത് വരെ നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഇടത് ചെവി കേള്‍ക്കുന്നില്ലെന്ന് പൊലീസ് ചോദ്യം ചെയ്യല്‍ സമയത്ത് പറഞ്ഞിട്ടുള്ളതാണ്. പൊലീസ് രണ്ട് തവണ അവന്റെ ഫ്ലാറ്റ് പരിശോധിക്കുകയുണ്ടായി, മാത്രമല്ല ഫൈസിന്റെ മൊബൈല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് പൊലീസ് ഞങ്ങളെ കുറ്റവാളികളെ പോലെ പെരുമാറുന്നതെന്ന്’; ഫൈസല്‍ പറഞ്ഞു.

‘ആക്രമണം നടന്ന ബുധനാഴ്ച്ച തന്നെ പൊലീസ് ഫൈസിനെ വിട്ടയക്കുകയും വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവന്‍ ഹാജരായി. ഈ ഒരു ദിവസം മുഴുവന്‍ പൊലീസ് ഫൈസിനെ കാണാന്‍ എന്നെ അനുവദിച്ചില്ല’; ഫൈസല്‍ കൂട്ടിചേര്‍ത്തു. ചോദ്യം ചെയ്യലിന് ശേഷം ഫൈസിനെ വിട്ടയച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെ സമയം സംഭവത്തില്‍ ബുധനാഴ്ച്ച രാത്രി തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഐ.പി.സി 143, 323, 342, 505, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

അതെ സമയം സംഭവത്തില്‍ പൊലീസിനെതിരെ മര്‍ദ്ദനത്തിരയായ ഫൈസ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ ഫേസ്ബുക്ക്, ഇ മെയില്‍, മറ്റു സാമൂഹിക മാധ്യമങ്ങള്‍ എന്നിവ പൊലീസ് കൈയ്യടക്കിയതായും താന്‍ ‘രാജ്യദ്രോഹി’ അല്ലെന്ന് പരിശോധിച്ചതായും ഫൈസ് പറഞ്ഞതായി സഹോദരന്‍ ഫൈസല്‍ വെളിപ്പെടുത്തി. പൊലീസ് ഇരയായ ഒരാളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും സഹോദരന്‍ പറഞ്ഞു.