LiveTV

Live

National

മുദ്രാ വായ്പ: 20 ശതമാനം പേര്‍ മാത്രമേ പുതിയ വ്യവസായം ആരംഭിച്ചുള്ളൂവെന്ന് സര്‍വെ

5.71 ലക്ഷം കോടി രൂപയാണ് വായ്പകള്‍ക്കായി ബാങ്കുകള്‍ അനുവദിച്ചത്.

മുദ്രാ വായ്പ: 20 ശതമാനം പേര്‍ മാത്രമേ പുതിയ വ്യവസായം ആരംഭിച്ചുള്ളൂവെന്ന് സര്‍വെ

മുദ്രാ വായ്പ എടുത്തവരില്‍ 20 ശതമാനം പേര്‍ മാത്രമേ പുതിയ വ്യവസായം ആരംഭിച്ചുള്ളൂവെന്ന് സര്‍വെ റിപ്പോര്‍ട്ട്. തൊഴില്‍ വകുപ്പ് തയ്യാറാക്കിയ സര്‍വെയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലഘട്ടമാണ് സര്‍വെയ്ക്ക് ആധാരം. 5.71 ലക്ഷം കോടി രൂപയാണ് വായ്പകള്‍ക്കായി ബാങ്കുകള്‍ അനുവദിച്ചത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതി വന്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്തെ വ്യാവസായിക രംഗത്തെയും തൊഴില്‍ രംഗത്തെയും കുതിപ്പിനായാണ് പ്രധാനമന്ത്രി മുദ്രാ യോജന മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ചെറുകിട വ്യവസായങ്ങള്‍ക്കായി അന്‍പതിനായിരം മുതല്‍ 10 ലക്ഷം വരെ സ്വകാര്യ- പൊതുബാങ്കുകള്‍ നല്‍കുന്ന വായ്പയാണ് ഇത്.

എന്നാല്‍ തൊഴില്‍ വകുപ്പ് തന്നെ നടത്തിയ സര്‍വെയില്‍ വെറും 20.6 ശതമാനം പേര്‍ മാത്രമേ പദ്ധതി ഉപയോഗിച്ച് പുതിയതായി വ്യവസായം ആരംഭിച്ചുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. ബാക്കി 79.4 ശതമാനം പേരും ഉള്ള വ്യവസായം വിപുലീകരിക്കാനാണ് വായ്പ പണം ചെലവഴിച്ചതെന്നാണ് സര്‍വെ പറയുന്നത്. 97,000 ഗുണഭോക്താക്കള്‍ക്കായി മൂന്ന് വിഭാഗത്തില്‍ 5.71 ലക്ഷം കോടി രൂപയാണ് വായ്പക്കായി അനുവദിച്ചത്. ഈ വായ്പകള്‍ 1.12 കോടി അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. അതായത് 11 വായ്പകള്‍ക്ക് ഒരു ജോലി എന്ന കണക്ക്. സൃഷ്ടിച്ച ഓരോ ജോലിക്കും 5.1 ലക്ഷം രൂപ വായ്പാതുക ചെലവഴിക്കേണ്ടി വന്നു. രാജ്യത്തെ സൃഷ്ടിക്കപ്പെട്ട 1.12 കോടി തൊഴിലുകളില്‍ 51.06 ലക്ഷം സ്വയം തൊഴിലും ബാക്കി 60.94 ലക്ഷം പേര്‍ കരാര്‍ തൊഴിലാളികളോ സ്ഥിരം തൊഴിലാളികളോ ആണെന്നും സര്‍വെ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ വകുപ്പ് തയ്യാറാക്കിയ സര്‍വെ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതി വന്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പദ്ധതി പൊള്ളയാണെന്ന് ഈ കണക്കുകളോടെ വ്യക്തമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എന്നാല്‍ രാജ്യത്ത് വന്‍ തൊഴിഴില്ലായ്മയാണെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം ചെറുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വെ നടത്തിയതെന്നാണ് വിവരം.