LiveTV

Live

National

പെല്ലറ്റ് വെടിയേറ്റ് 16-കാരൻ കൊല്ലപ്പെട്ടു; മരിച്ചത് കല്ലേറു കൊണ്ടെന്ന് സൈന്യം 

‘ഇതാണ് തെളിവ്. ഇന്ത്യൻ സൈന്യം പറയുന്നത് ഇത് കല്ലാണെന്നാണ്. അല്ല, ഇത് പെല്ലറ്റുകളാണ്.’ ഫിർദൗസ് പറയുന്നു. 

പെല്ലറ്റ് വെടിയേറ്റ് 16-കാരൻ കൊല്ലപ്പെട്ടു; മരിച്ചത് കല്ലേറു കൊണ്ടെന്ന് സൈന്യം 

സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരിച്ചതിനെ തുടർന്ന് കശ്മീരിൽ സംഘർഷം ശക്തമാകുന്നു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ് ഖാൻ ആണ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. തലയോട്ടിയിലും മുഖത്തുമടക്കം നിരവധി പെല്ലറ്റുകൾ കൊണ്ടതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയെങ്കിലും കല്ലേറു കൊണ്ടാണ് അസ്‌റാർ മരിച്ചത് എന്നാണ് സൈന്യത്തിന്റെയും പൊലീസിന്റെയും ഭാഷ്യം.

കശ്മീരിന്റെ പ്രത്യേകാധികാര പദവി പിൻവലിച്ചതിന്റെ പിറ്റേന്ന് ആഗസ്റ്റ് ആറിനാണ് ആൾക്കൂട്ടത്തിനു നേരെയുള്ള വെടിവെപ്പിൽ അസ്‌റാർ ഖാന് പരിക്കേറ്റത്. മുഖത്ത് പെല്ലറ്റുകൾ തറച്ചുകയറിയ ഇയാളെ സുഹൃത്തുക്കൾ ഷേർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസൻസിൽ (സ്‌കിംസ്) പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിനുള്ളിലും തലയോട്ടിയിലും പെല്ലറ്റുകൾ തറച്ചുകയറിയതായി എക്‌സ് റേയിൽ വ്യക്തമായി. ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് അസ്‌റാർ മരണത്തിനു കീഴടങ്ങിയത്.

അതേസമയം, സൈന്യത്തിനെതിരെ പ്രതിഷേധം നടത്തിയവരുടെ കല്ലേറിലാണ് അസ്‌റാറിന് പരിക്കേറ്റത് എന്നാണ് ജമ്മു കശ്മീർ എ.ഡി.ജി മുനീർ ഖാൻ പറഞ്ഞത്. സൈനിക ഉദ്യോഗസ്ഥനായ ലഫ്. ജനറൽ കെ.എസ് ധില്ലനും ഈ വാദം ആവർത്തിച്ചു. എന്നാൽ, അസ്‌റാറിന്റെ മരണം പെല്ലറ്റ് വെടിയേറ്റാണെന്ന് പിതാവ് ഫിർദൗസ് അഹ്മദ് തറപ്പിച്ചു പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സൈനികർ തന്റെ മകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫിർദൗസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ വെച്ചെടുത്ത, മുഖംനിറയെ പെല്ലറ്റ് മുറിവുകളുള്ള അസ്‌റാറിന്റെ മുഖത്തിന്റെ ഫോട്ടോ ഫിർദൗസ് ഉയർത്തിക്കാട്ടുന്ന ചിത്രവും ദി ഇൻഡിപെന്റന്റ് പ്രസിദ്ധീകരിച്ചു. 'ഇതാണ് തെളിവ്. ഇന്ത്യൻ സൈന്യം പറയുന്നത് ഇത് കല്ലാണെന്നാണ്. അല്ല, ഇത് പെല്ലറ്റുകളാണ്.' ഫിർദൗസ് പറയുന്നു.

അസ്‌റാർ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും ഈയിടെ നടന്ന സ്‌കൂൾ പരീക്ഷയിൽ 500-ൽ 495 മാർക്ക് നേടിയിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അസ്‌റാറിന്റെ മരണവാർത്ത പുറത്തറിഞ്ഞതിനെ തുടർന്ന് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ പാലിക്കുന്നതായി സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.