LiveTV

Live

National

വാഹന രേഖകള്‍ കയ്യിലില്ല; ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ, ഭീമന്‍ തുക അടക്കില്ലെന്ന് ഡ്രൈവര്‍

ഈ വർഷം സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ ട്രാഫിക് നിയമങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് പിഴ ചുമത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.   

വാഹന രേഖകള്‍ കയ്യിലില്ല; ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ, ഭീമന്‍ തുക അടക്കില്ലെന്ന് ഡ്രൈവര്‍

ഭേദഗതി വരുത്തിയ വിവിധ വകുപ്പുകൾ പ്രകാരം ഒഡീഷയില്‍ നിയമലംഘനം നടത്തിയ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ട്രാഫിക് പൊലീസ് ചുമത്തിയത് ഭീമന്‍ പിഴത്തുക. സാധുവായ പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ വാഹന രേഖകള്‍ കയ്യില്‍ കരുതാതിരുന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 47,500 രൂപ പിഴ ചുമത്തിയത്. വാഹന രേഖകള്‍ കയ്യില്‍ കരുതിയില്ല എന്നതിന് പുറമെ ഓട്ടോ ഡ്രൈവര്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നും പൊലീസ് പറയുന്നു.

ഒഡീഷയിലെ ആചാര്യ വിഹാർ ചാക്കിലാണ് സംഭവം. പൊതു നിയമ ലംഘനത്തിന് 500 രൂപ, അസാധുവായ ഡ്രൈവിങ് ലൈസൻസിന് 5,000 രൂപ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് 10,000 രൂപ, മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപ, വായു / ശബ്ദ മലിനീകരണം നിയമ ലംഘനത്തിന് 10,000 രൂപ, യോഗ്യതയില്ലാത്ത വ്യക്തിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് 5,000 രൂപ, രജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതിന് 5000 രൂപയും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 2,000 രൂപയും അടക്കം 47,500 രൂപയാണ് പിഴയായി ചുമത്തപ്പെട്ടത്. ചന്ദ്രശേഖര്‍പൂരിലെ ഡ്രൈവിങ് ടെസ്റ്റ് സെന്ററിൽ പിഴയടക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവറോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ മദ്യം കഴിച്ചതായി ഡ്രൈവർ ഹരിബന്ധു കൻഹാർ സമ്മതിച്ചെങ്കിലും തനിക്ക് ഇത്രയും വലിയ പിഴ നൽകാൻ കഴിയില്ലെന്ന് ഇയാള്‍ പറഞ്ഞു. തന്റെ വാഹനം പിടിച്ചെടുക്കുകയോ ജയിലിലേക്ക് അയയ്ക്കുകയോ ചെയ്താലും തനിക്ക് ഈ തുക നൽകാൻ കഴിയില്ലെന്ന് കന്‍ഹാര്‍ വ്യക്തമാക്കി. തന്റെ പക്കൽ എല്ലാ രേഖകളുമുണ്ടെന്നും ഡ്രൈവർ അവകാശപ്പെട്ടു. അതേസമയം, ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വർഷം സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് പിഴ ചുമത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.