LiveTV

Live

National

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥിനും മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. മന്ത്രിമാരെ കേള്‍ക്കാന്‍ കമല്‍നാഥ് സന്നദ്ധനാകണമെന്നും സര്‍ക്കാരിലുള്ള അന്യായ ഇടപെടലുകള്‍ തടയണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു.

അതിനിടെ ഹരിയാനയില്‍ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയ്ക്ക് വഴങ്ങിയ ഹൈക്കമാൻഡ് പി.സി.സി അധ്യക്ഷയായി കുമാരി ഷെല്‍ജയെ നിയമിച്ചു. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന് തുറന്ന് സമ്മതിച്ചായിരുന്നു ജോതിരാദിത്യ സിന്ധ്യയുടെ രൂക്ഷവിമര്‍ശം.

‘പി.സി.സിയില്‍ തര്‍ക്കമുണ്ടാക്കുന്നത് കമല്‍നാഥാണ്, പ്രശ്നപരിഹാരത്തിനോ ഇരുവശങ്ങള്‍ കേള്‍ക്കുന്നതിനോ തയ്യാറാകുന്നില്ല. ദിഗ് വിജയ് സിങ് മുഖ്യമന്ത്രി കളിക്കുന്നു എന്ന പരാതി ഉന്നയിച്ച മന്ത്രി ഉമങ്സിന്‍ഗാറിനെ അവഗണിക്കുന്നു’; പുറത്തുനിന്നുള്ള ഇടപെടല്‍ തടഞ്ഞ് ഉള്ള സംവിധാനങ്ങളില്‍ ഫലവത്തായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹരിയാനയില്‍ ഭൂപീന്ദർ ഹൂഡയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്റ് അശോക് തൻവറെ പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റി. കുമാരി ഷെൽജയെ പുതിയ അധ്യക്ഷയായും ഹൂഡയെ നിയമസഭ കക്ഷി നേതാവും തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനായും നിയമിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഹൂഡ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 18ന് റോത്തക്കിൽ ശക്തി പ്രകടനവും നടത്തിയിരുന്നു ഹൂഡ.