LiveTV

Live

National

ഇന്ത്യ സംരക്ഷിക്കേണ്ടത് ഹിന്ദുക്കളെയെന്ന് അസം മന്ത്രി, മറുപടിയുമായി ഉവൈസി

“ഇന്ത്യ എല്ലാ ഇന്ത്യക്കാരെയുമാണ് സംരക്ഷിക്കേണ്ടത്, ഹിന്ദുക്കളെ മാത്രമല്ല. ഈ രാജ്യം ഒരു മതത്തേക്കാൾ എത്രയോ വലുതാണെന്ന് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആരാധകർക്ക് ഒരിക്കലും മനസ്സിലാവില്ല.”

ഇന്ത്യ സംരക്ഷിക്കേണ്ടത് ഹിന്ദുക്കളെയെന്ന് അസം മന്ത്രി, മറുപടിയുമായി ഉവൈസി

ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) ഉൾപ്പെടാത്ത ഹിന്ദുക്കൾക്ക് പൗരത്വം നൽകണമെന്നും ഹിന്ദുക്കളെ സംരക്ഷിക്കുക എന്നതായിരിക്കണം കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമെന്നും പ്രസ്താവിച്ച അസം ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഹിമന്ത് ബിശ്വ ശർമക്ക് മറുപടിയുമായി അസദുദ്ദീൻ ഉവൈസി. പൗരത്വം നൽകേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ഭരണഘടനാ തത്വങ്ങൾ എളുപ്പത്തിൽ അട്ടിമറിക്കാമെന്ന് 'ഗോഡ്‌സെയുടെ മക്കൾ' കരുതേണ്ടെന്നും ഉവസൈി പറഞ്ഞു.

1971-നു മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശി ഹിന്ദുക്കൾ എൻ.ആർ.സിയുടെ അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യാ ടുഡേ ചാനലുമായി സംസാരിക്കവെ ഹിമന്ത് ബിശ്വ ശർമ പറഞ്ഞിരുന്നു. ഫോറീനേഴ്‌സ് ട്രിബ്യൂണലും പൗരത്വ ഭേദഗതി ബില്ലും വഴി ഹിന്ദു കുടിയേറ്റക്കാരെ കേന്ദ്ര സർക്കാറും അസം സർക്കാറും സംരക്ഷിക്കുമെന്നും ശർമ പറഞ്ഞു.

മുസ്ലിംകളെ ഒഴിവാക്കാനുള്ള പദ്ധതിയാണ് എൻ.ആർ.സി എന്ന ആരോപണം സാധൂകരിക്കുകയാണ് ഹിമന്ത് ബിശ്വ ശർമയുടെ പ്രസ്താവന എന്ന് ഉവൈസി ട്വിറ്ററിൽ കുറിച്ചു.

'മുസ്ലിംകളെ ഒഴിവാക്കുന്നതിന് എൻ.ആർ.സി അസം ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നത് തുറന്നു സമ്മതിക്കുകയാണ് ഇത്. രേഖകളില്ലാത്ത ജനങ്ങളെ ദുഷ്‌കരമായ പ്രക്രിയക്ക് വിധേയമാക്കിയതിനു ശേഷം ഹിമന്ത് ബിശ്വ പറയുന്നു, ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന്. പൗരത്വം നൽകുന്നതും നൽകാതിരിക്കുന്നതും വിശ്വാസത്തെ അടിസ്ഥാനമാക്കി ആവരുത്.' - ഉവൈസി ട്വീറ്റ് ചെയ്തു.

ഇതിന് ഹിമന്ത് ശർമയുടെ മറുപടി ഇപ്രകാരമായിരുന്നു:

'ഇന്ത്യ ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ലെങ്കിൽ അവരെ ആര് സംരക്ഷിക്കും? പാകിസ്താനോ? പീഡിതരായ ഹിന്ദുക്കൾക്കുള്ള അഭയമായി ഇന്ത്യ എല്ലാകാലവും നിലനിൽക്കും. നിങ്ങൾ എത്ര എതിർത്താലും...'

ഹിന്ദുക്കളെ മാത്രമല്ല എല്ലാ മതക്കാരെയും സംരക്ഷിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് ഉവൈസി ഇതിന് മറുപടി നൽകിയത്.

'ഇന്ത്യ എല്ലാ ഇന്ത്യക്കാരെയുമാണ് സംരക്ഷിക്കേണ്ടത്, ഹിന്ദുക്കളെ മാത്രമല്ല. ഈ രാജ്യം ഒരു മതത്തേക്കാൾ എത്രയോ വലുതാണെന്ന് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആരാധകർക്ക് ഒരിക്കലും മനസ്സിലാവില്ല. ഭരണഘടന പറയുന്നു, ഭാരതം എല്ലാ മതങ്ങളെയും ജാതികളെയും വർഗങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന്. ഇത് ഹിന്ദു രാഷ്ട്രമല്ല. ഇൻഷാ അല്ലാഹ്, ഒരിക്കലും ആവുകയുമില്ല.'

'നമ്മുടെ രാജ്യം പീഡിതരായ നിരവധി ജനവിഭാഗങ്ങളെ (ഹിന്ദുക്കളെയും ഹിന്ദുക്കളല്ലാത്തവരെയും) സ്വാഗതം ചെയ്തിട്ടുണ്ട്. മതം ഒരിക്കലും പൗരത്വത്തിന്റെ അടിസ്ഥാനമാവരുത്. ഭരണഘടന തയ്യാറാക്കുമ്പോൾ നമ്മുടെ പ്രപിതാക്കൾ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. ഗോഡ്‌സെയുടെ മക്കൾക്ക് അത് എളുപ്പത്തിൽ ചെയ്യാനാവില്ല'