LiveTV

Live

National

കർത്താർപൂർ ഇടനാഴി; പാകിസ്ഥാന്‍ മുന്നോട്ട് വെച്ച അവസാന നിലപാടുകളില്‍ ഇന്ത്യക്ക് അതൃപ്തി

കർത്താർപൂർ ഇടനാഴി; പാകിസ്ഥാന്‍ മുന്നോട്ട് വെച്ച അവസാന നിലപാടുകളില്‍ ഇന്ത്യക്ക് അതൃപ്തി

കർത്താർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മുന്നോട്ട് വച്ച അവസാന നിലപാടുകളില്‍ ഇന്ത്യക്ക് അതൃപ്തി. തീര്‍ത്ഥാടകരില്‍ നിന്നും പ്രവേശന തുക ഈടാക്കാനുള്ള നീക്കത്തെ ഇന്ത്യ എതിര്‍ത്തു. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിയമനം പാടില്ലെന്ന പാക് നിലപാടിനെയും ഇന്ത്യ തള്ളി. സിഖ് മത വിശ്വാസികളെ പരിഹസിക്കുന്നതാണ് പാക് നിലപാടെന്ന് കേന്ദ്രമന്ത്രി ഹര്‍സിമത് കൗര്‍ പ്രതികരിച്ചു.

ഗുരുനാനാക്കിന്റെ 550 ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതിനായാണ് മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വാഗാ അതിര്‍ത്തിയിലെ അട്ടാരിയില്‍ എത്തിയത്. ഇടനാഴി തുറക്കുന്ന തീയതി, പ്രവേശന ഫീസ്, സഞ്ചാരികളുടെ എണ്ണം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. തീര്‍ത്ഥാടകരുടെ പ്രവേശനം സൗജന്യമായിരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ സന്നദ്ധമല്ല. സാഹചര്യം പരിശോധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നീക്കത്തെയും പാകിസ്ഥാന്‍ എതിര്‍ത്തു. ഇതോടെ ചര്‍ച്ചകള്‍ നിലച്ചു.

സിഖ് മത വിശ്വാസികളെ പരിഹസിക്കുന്നതാണ് പാക് നിലപാടെന്ന് കേന്ദ്രമന്ത്രി ഹര്‍സിമത് കൗര്‍ പ്രതികരിച്ചു. പാക് അധീന പഞ്ചാബിലെ കർത്താർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ.