LiveTV

Live

National

‘ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ല’; പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ചത് രഹസ്യാന്വേഷണ വീഴ്ചയെന്ന് സി.ആര്‍.പി.എഫ് റിപ്പോര്‍ട്ട്

‘ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ല’; പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ചത് രഹസ്യാന്വേഷണ വീഴ്ചയെന്ന് സി.ആര്‍.പി.എഫ് റിപ്പോര്‍ട്ട്

പുല്‍വാമ ആക്രമണത്തിന് കാരണം സുരക്ഷാ വീഴ്ച തന്നെയെന്ന് സി.ആര്‍.പി.എഫിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മുന്നറിപ്പുകള്‍ ഗൗരവത്തോടെ പരിഗണിച്ചില്ല, സൈനിക വാഹന വ്യൂഹം പോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് സി.ആര്‍.പി.എഫ് ഡി.ജി ആര്‍.ആര്‍ ഭട്ട്നാഗറിന്റെ പ്രതികരണം. അതേസമയം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ സൈന്യം പിടികൂടി.

ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് കാരണം സുരക്ഷ വീഴ്ചയല്ലെന്ന ആഭ്യന്തമന്ത്രാലത്തിന്റെ വാദത്തെ തള്ളുന്നതാണ് സി.ആര്‍.പി.എഫ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. നിരവധി സുരക്ഷ വീഴ്ചകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളുടെ ആക്രമണ മുന്നറിയിപ്പ് അവഗണിച്ചു, റോഡ് യാത്ര സങ്കീര്‍ണമായ സാഹചര്യത്തിലും സൈനികരെ വ്യോമ മാര്‍ഗം എത്തിച്ചില്ല, സൈനിക വാഹന വ്യൂഹം പോകുന്ന പാതയിലെ മറ്റ് വാഹനങ്ങളുടെ സഞ്ചാരം റദ്ദാക്കിയില്ല, വാഹന വ്യൂഹത്തില്‍ പാലിക്കേണ്ട വാഹനങ്ങളുടെ എണ്ണം പാലിച്ചില്ല,സ്ഫോടക വസ്തുവുമായി പോയ കാര്‍ തിരിച്ചറിയാനായില്ല തുടങ്ങിയവയാണ് 15 പേജുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് സി.ആര്‍.പി.എഫ് ഡി.ജി ആര്‍.ആര്‍ ഭട്ട്നാഗറിന്റെ പ്രതികരണം.

അതേസമയം പിടികൂടിയ രണ്ട് ലഷ്കര്‍ ത്വയിബ ഭീകരര്‍ പാക് സൈന്യത്തിന്‍റെ സഹായത്തോടെയാണ് നുഴഞ്ഞുകയറിയെന്ന് സമ്മതിച്ചതായി സൈന്യം അറിയിച്ചു. കുറ്റസമ്മതം നടത്തുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീര്‍ താഴ്‍വരയിലെ സമാധാനം തകര്‍ക്കാനുള്ള പാക് ശ്രമത്തിന്‍റെ തെളിവാണിതെന്നും സൈന്യം പറഞ്ഞു.