LiveTV

Live

National

ഡി.കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍  

 ഡി.കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍  

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഈ മാസം 13 വരെ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയില്‍ വിട്ടു. ഡൽഹി റോസ് അവന്യു പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ആണ് ശിവകുമാറിനെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. ശിവകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഒരാഴ്ച സമയം കോടതി അനുവദിച്ചു.

ഡി.കെ ശിവകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി 14 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റാരോപിതനെതിരെ കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. 7 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചുവെന്നും അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് വാദിച്ചു. അതേസമയം കസ്റ്റഡി അപേക്ഷ തള്ളി ജാമ്യത്തില്‍ വിടണമെന്ന് ശിവകുമാറിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി മറുവാദം ഉന്നയിച്ചു. ഒടുവില്‍ ഈ മാസം 13 വരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിടാനാണ് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടത്. അതേസമയം എല്ലാ ദിവസവും കുടുംബാംഗങ്ങളെയും ചികിത്സക്കായി പേഴ്സണല്‍ ഡോക്ടറെയും കാണാന്‍ അനുവദിക്കണമെന്ന ഡി.കെ ശിവകുമാറിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഒരാഴ്ച വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി അംഗീകരിച്ചു.