LiveTV

Live

National

‘തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതുകൊണ്ട് എല്ലാം സാധാരണനിലയില്‍ ആണെന്നാണോ?’ കേന്ദ്രത്തിനെതിരെ ശ്രീനഗര്‍ മേയര്‍ 

നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് എതിരെയും മേയര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

‘തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതുകൊണ്ട് എല്ലാം സാധാരണനിലയില്‍ ആണെന്നാണോ?’ കേന്ദ്രത്തിനെതിരെ ശ്രീനഗര്‍ മേയര്‍ 

ജമ്മു കശ്മീര്‍ ശാന്തമാണെന്നും എല്ലാം സാധാരണ നിലയിലാണെന്നുമുള്ള കേന്ദ്രസര്‍ക്കാറിന്‍റെ അവകാശവാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനഗര്‍ മേയര്‍ ജുനൈദ് അസീം മട്ടു. കശ്മീരിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതുകൊണ്ട് മാത്രം എല്ലാം ശാന്തവും സാധാരണനിലയിലും ആണെന്ന് പറയരുത്. അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് എതിരെയും മേയര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇതുവരെ തീവ്രവാദികളുടെ ഭീഷണികളെ നേരിട്ടാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. പക്ഷേ ഇന്നവര്‍ സര്‍ക്കാരിനാല്‍‍ നീചമായി വേട്ടയാടപ്പെടുകയാണെന്ന് മേയര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയതിനെയും മേയര്‍ വിമര്‍ശിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും കഴിയാതെ നിരവധി കുടുംബങ്ങളാണ് കശ്മീരില്‍ ഉള്ളത്. ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ വരെ കവര്‍ന്നെടുത്തിരിക്കുന്നു. കശ്മീരിനെ അന്യവത്കരിച്ചിരിക്കുകയാണെന്നും മേയര്‍ വിമര്‍ശിച്ചു. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ വക്താവ് കൂടിയാണ് ജുനൈദ് അസീം മട്ടു‍.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയത്. ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ പോലും ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആശവിനിമയ സംവിധാനം നിയന്ത്രിക്കുന്നതില്‍ എന്താണ് തെറ്റ് എന്നുമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചോദിച്ചത്. 15 ദിവസത്തിനകം ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിക്കും എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പറഞ്ഞത്.