LiveTV

Live

National

‘സമ്പദ് വ്യവസ്ഥക്ക് യാതൊരു കുഴപ്പവുമില്ല, മന്‍മോഹന്‍ വെറും പാവ’ ബി.ജെ.പി

ലോകമാകെ സമ്പദ് വ്യവസ്ഥ തളരുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്നും ബി.ജെ.പി

‘സമ്പദ് വ്യവസ്ഥക്ക് യാതൊരു കുഴപ്പവുമില്ല, മന്‍മോഹന്‍ വെറും പാവ’ ബി.ജെ.പി

മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംങിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി. ചിലര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിന് പാവ പ്രധാനമന്ത്രിയാക്കിയ ആളാണ് മന്‍മോഹന്‍ സിംങെന്നാണ് ബി.ജെ.പി വക്താവ് സംപത് പത്ര പറഞ്ഞത്. സ്വയം വരുത്തിവെച്ചതാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യമെന്ന മന്‍മോഹന്‍സിംങിന്റെ വിമര്‍ശത്തോട് പ്രതികരിക്കാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് ബി.ജെ.പി വക്താവിന്റെ പ്രതികരണങ്ങള്‍.

ആഗസ്ത് 30ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍ ജൂണ്‍ പാദത്തില്‍ അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമെന്റ് തുടങ്ങിയ എട്ട് അടിസ്ഥാന മേഖലകളില്‍ വളര്‍ച്ചാ നിരക്ക് 2.1 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേകാലയളവില്‍ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു.

മോദി സര്‍ക്കാരിന്റെ സര്‍വ്വമേഖലയിലേയും കെടുകാര്യസ്ഥതയാണ് രാജ്യത്തെ ഈ പ്രതിസന്ധിയിലെത്തിച്ചതെന്ന് മന്‍മോഹന്‍ സിങ് ആരോപിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സങ്കുചിത രാഷ്ട്രീയം മറന്ന് വിഷയങ്ങളില്‍ അറിവുള്ളവരുടെ വാക്ക് കേള്‍ക്കാനും അദ്ദേഹം മോദി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. മന്‍മോഹന്‍സിങിന്റെ ഈ വാക്കുകളാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.

അസാധ്യമായത് സാധ്യമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷമായി സുസ്ഥിരമാണ് സര്‍ക്കാരും സമ്പദ്‌വ്യവസ്ഥയുമെന്നും സംപത് പത്ര അവകാശപ്പെട്ടു. മോദി സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ ലോകത്തെ തന്നെ പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്തിയത്. ലോകമാകെ സമ്പദ് വ്യവസ്ഥ തളരുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്നും പത്ര പറഞ്ഞു.