LiveTV

Live

National

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍ 

സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. 

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍ 

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. ശിവകുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമികമായി നല്‍കുന്ന വിശദീകരണം.

തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് തടയണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചത്.

ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാര്‍ പരാജയം മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ കരുവാക്കുകയാണ്. സാമ്പത്തിക തകര്‍ച്ചയടക്കമുള്ള വിഷയങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ദള്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവകുമാര്‍ ആയിരുന്നു. ഇതോടെയാണ് ഡി.കെയെ ബി.ജെ.പി ലക്ഷ്യംവെച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. വിനായക ചതുര്‍ഥി ദിനത്തിലും ചടങ്ങുകള്‍ ചെയ്യാന്‍ അനുവദിക്കാതെ ശിവകുമാറിനെ ചോദ്യംചെയ്ത ഇ.ഡിയുടെ നടപടിക്കെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. തുടര്‍ച്ചയായ ചോദ്യംചെയ്യലിനൊടുവിലാണ് ഇന്ന് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.