LiveTV

Live

National

‘മനസ്സ് മടുക്കരുത്, നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ച് തിരിച്ചുവരും’: കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഡി.കെ

ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നും ശിവകുമാര്‍

‘മനസ്സ് മടുക്കരുത്, നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ച് തിരിച്ചുവരും’:  കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഡി.കെ

തന്റെ അറസ്റ്റിന് പിന്നില്‍ ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഡി.കെ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ച് തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

തന്നെ അറസ്റ്റ് ചെയ്യുക എന്ന ദൌത്യത്തില്‍ വിജയിച്ച ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണ്. തനിക്കെതിരായ ഐ.ടി, ഇ.ഡി കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നും ശിവകുമാര്‍ ട്വീറ്റില്‍ വിശദമാക്കി.

കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. ശിവകുമാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമികമായി നല്‍കുന്ന വിശദീകരണം. അറസ്റ്റ് തടയണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചത്.

ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാര്‍ പരാജയം മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ കരുവാക്കുകയാണ്. സാമ്പത്തിക തകര്‍ച്ചയടക്കമുള്ള വിഷയങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.