LiveTV

Live

National

റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ 

റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കുല്‍ഹഡുകളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്നാണ് 

റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ 

മണ്‍പാത്രങ്ങളില്‍ വിളമ്പുന്ന കുല്‍ഹഡ് ചായ ഇനി റെയില്‍വേ സ്റ്റേഷനുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. മണ്‍പാത്രവ്യവസായത്തിന് വലിയ സഹായമായേക്കാവുന്ന ഈ തീരുമാനത്തിന്റെ ആദ്യ പടിയായി കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കുല്‍ഹഡുകളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

രാജ്യത്തെ നൂറ് റെയില്‍വേ സ്റ്റേഷനുകളിലെങ്കിലും കുല്‍ഹഡ് ചാ നിര്‍ബന്ധമാക്കണമെന്നാണ് ഗഡ്ക്കരി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും ഇത് പരീക്ഷിക്കാമെന്നും ഗഡ്കരി നിര്‍ദേശിക്കുന്നു. കൂട്ടത്തില്‍ ഷോപിംങ് മാളുകളിലും ചായ വിതരണം ചെയ്യാന്‍ ഇത്തരം മണ്‍പാത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം.

ഗഡ്ക്കരിയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വ്യവസായ മന്ത്രിതീരുമാനിച്ചാല്‍ മണ്‍പാത്ര വ്യവസായത്തിന് വലിയ ഉണര്‍വായിരിക്കും സമ്മാനിക്കുക. കുല്‍ഹഡുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഖാദി ഗ്രാമീണ വ്യവസായ കമ്മീഷന്‍ പതിനായിരം 10000 യന്ത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു. ഇക്കൊല്ലം ഇത് 25000 ആയി ഉയര്‍ത്താനാണ് ശ്രമം.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 26000 കോടിയുടേതാണ് ഇന്ത്യയിലെ മണ്‍പാത്ര വ്യവസായമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒമ്പത് ശതമാനത്തോളം വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖല 2022 ആകുമ്പോഴേക്കും 60000 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ യു.പിയിലെ വാരാണസി, റായ് ബറേലി റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡിലാണ് ചായ നല്‍കുന്നത്. 2004ല്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് മണ്‍പാത്ര വ്യവസായത്തെ സഹായിക്കാന്‍ ഇത് നിര്‍ബന്ധമാക്കിയത്.