LiveTV

Live

National

ജെ.എന്‍.യു അധികൃതര്‍ക്ക് സിവി സമര്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്ന് റോമിള ഥാപ്പര്‍

എമിരിറ്റസ് പദവി തനിക്ക് ആജീവാനന്ത കാലത്തേക്ക് നല്‍കിയിട്ടുള്ളതാണെന്നും ഇപ്പോള്‍ സിവി (കരിക്കുലം വിറ്റെ) ആവശ്യപ്പെടുന്നത് ഇതിന് വിരുദ്ധമായിട്ടാണെന്നും ഥാപ്പര്‍ പറഞ്ഞു

 ജെ.എന്‍.യു അധികൃതര്‍ക്ക് സിവി സമര്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്ന് റോമിള ഥാപ്പര്‍

ജെ.എന്‍.യു അധികൃതര്‍ക്ക് തന്റെ സിവി സമര്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രശസ്ത ചരിത്രകാരിയും പത്മ ഭൂഷണ്‍ പുരസ്കാര ജേതാവുമായ റോമിള ഥാപ്പര്‍. എമിരിറ്റസ് പദവി തനിക്ക് ആജീവാനന്ത കാലത്തേക്ക് നല്‍കിയിട്ടുള്ളതാണെന്നും ഇപ്പോള്‍ സിവി (കരിക്കുലം വിറ്റെ) ആവശ്യപ്പെടുന്നത് ഇതിന് വിരുദ്ധമായിട്ടാണെന്നും ഥാപ്പര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ജെ.എൻ.യു രജിസ്ട്രാർ, ചരിത്രകാരി റോമിള ഥാപ്പറിനോട് യോഗ്യത വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.എമിരിറ്റസ് പദവി പുതുക്കി നൽകണമെങ്കിൽ യോഗ്യത വ്യക്തമാക്കണമെന്നായിരുന്നു നിർദേശം. സർവകലാശാല നിയോഗിച്ച സമിതി, യോഗ്യത പരിശോധിക്കുമെന്നും ഇതിന് ശേഷമാകും വിരമിച്ച പ്രൊഫസർമാർക്ക് നൽകുന്ന എമിരിറ്റസ് പദവി റോമിളക്ക് പുതുക്കി നൽകൂ എന്നും രജിസ്ട്രാർ കത്തിൽ പറയുന്നു. എമിരിറ്റസ് പ്രൊഫസർമാരോട് സാധാരണ യോഗ്യതകൾ സമർപ്പിക്കാൻ ആവശ്യപ്പെടാറില്ല. ഒരു തവണ എമിരിറ്റസ് പദവി ലഭിച്ചാൽ പിന്നീട് അത് പുതുക്കേണ്ട ആവശ്യമില്ല. റോമിളയോട് വീണ്ടും യോഗ്യത ഹാജരാക്കാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. കേന്ദ്രസർക്കാരിന്റെയും ജെ.എൻ.യുവിന്റെയും വിദ്യാഭ്യാസ നയങ്ങളെ വിമർശിക്കുന്ന റോമിളയോടുള്ള പ്രതികാര നടപടിയാണിതെന്നാണ് മുതിർന്ന അധ്യാപകരുടെ പോലും വിമർശനം.

അന്താരാഷ്ട്ര തലത്തിൽ ബഹുമതി നേടിയിട്ടുള്ള പ്രൊഫസർമാർക്കാണ് എമിരിറ്റസ് പദവി നൽകുന്നത്. ജെ.എൻ.യു ബോർഡ് ഓഫ് സ്റ്റഡീസും സർവകലാശാല അക്കാദമിക് കൌൺസിലും എക്സിക്യൂട്ടീവ് കൌൺസിലും അംഗീകരിച്ചാലാണ് വിരമിച്ച അധ്യാപകർക്ക് എമിരിറ്റസ് പദവി നൽകുക. ആറ് പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള റോമിള ഥാപ്പർ, 1970 മുതൽ 1991വരെ ജെ.എൻ.യുവിൽ പ്രൊഫസറായിരുന്നു. 1993ലാണ് എമിരിറ്റസ് പദവി ലഭിച്ചത്.