LiveTV

Live

National

ശ്മശാനത്തില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല; കണ്ണീരോടെ കൈകൂപ്പി മൃതദേഹവുമായി ദലിതര്‍ മഴയത്ത് കാത്തിരുന്നത് മണിക്കൂറുകള്‍

ശ്മശാനത്തില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല; കണ്ണീരോടെ കൈകൂപ്പി മൃതദേഹവുമായി ദലിതര്‍ മഴയത്ത് കാത്തിരുന്നത് മണിക്കൂറുകള്‍

കഴിഞ്ഞയാഴ്ച്ചയാണ് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ശ്മശാനത്തിലേക്കുള്ള വഴി ഹിന്ദു മേല്‍ജാതിക്കാര്‍ അടച്ചതിനെ തുടര്‍ന്ന് ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന കയറില്‍ കെട്ടി താഴേക്കിറക്കിയത്. ഇപ്പോഴും തുടരുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായത്. ഏതാണ്ട് അതിനോട് സാമ്യമുള്ള വാര്‍ത്തയാണ് കഴിഞ്ഞയാഴ്ച്ച സംഭവമുണ്ടായ വെല്ലുരിന് 500 കിലോമീറ്റര്‍ ദൂരമുള്ള മധുരൈയില്‍ നിന്നും ഇന്ന് പുറത്തുവന്നത്.

പേരൈയൂര്‍ ഗ്രാമത്തിലെ സുബ്ബലപ്പുരത്തെ ആദിദ്രാവിഡ (ദലിത്) വിഭാഗത്തില്‍പ്പെട്ട അന്‍പത് വയസ്സുള്ള ഷണ്‍മുഖവേലിന്റെ മൃതദേഹമാണ് ശ്മശാനത്തില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്ത സവര്‍ണവിഭാഗക്കാരുടെ നടപടിയെതുടര്‍ന്ന് ബന്ധുക്കള്‍ക്ക് മഴയത്ത് നിലത്തുവെച്ച് കാത്തിരിക്കേണ്ടിവന്നത്.

പ്രദേശത്ത് നിന്നുള്ള മരിച്ച ഷണ്‍മുഖവേലിന്റെ ബന്ധുക്കളുടെ വീഡിയോ അതെ സമയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കണ്ണീരോട് കൂടിയാണ് ബന്ധുക്കള്‍ മഴയത്ത് നിസ്സഹായരായി തങ്ങളുടെ ദുഃഖം പങ്കുവെക്കുന്നത്. ദലിതരായ തങ്ങളുടെ ശ്മശാനത്തിന്റെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും വീഡിയോയില്‍ ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. മഴയായത് കാരണം തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും തങ്ങളുടെ വിഭാഗത്തെ സഹായിക്കണമെന്നും ബന്ധുക്കളിലൊരാള്‍ കൈകൂപ്പി വീഡിയാേയില്‍ പറയുന്നുണ്ട്. ഷണ്‍മുഖവേലിന്റെ സഹോദരന്‍ എന്നവകാശപ്പെടുന്ന വ്യക്തി ദേഷ്യത്തോടെയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ‘‍‍‍ഞങ്ങളെ അവര്‍ മാറ്റിനിര്‍ത്തുകയാണ്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഞങ്ങളെ ഒന്ന് നോക്ക്, മഴയത്ത് നില്‍ക്കുകയാണ്. ഈ കിടക്കുന്നത് എന്റെ സഹോദരനാണ്. അവരുടെ ശ്മശാനത്തിലേക്കും ഞങ്ങളുടെ ശ്മശാനത്തിലേക്കും ഒന്നു നോക്കു. എന്താണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്?.’

150 റെഡ്ഡിയാര്‍ ഹിന്ദുകുടുംബങ്ങള്‍ വസിക്കുന്ന പേരൈയൂര്‍ ഗ്രാമത്തില്‍ 50ഓളം കുടുംബങ്ങളാണ് ദലിത് വിഭാഗത്തിലായി ഉള്‍പ്പെടുന്നത്. രണ്ട് വിഭാഗക്കാര്‍ക്കുമായി വ്യത്യസ്ത ശ്മശാനങ്ങളാണ് അടക്കം ചെയ്യാനായി ഉപയോഗിക്കുന്നതെന്ന് തമിഴ്നാട് തൊട്ടുകൂടായ്‌മ നിര്‍മ്മാര്‍ജ്ജന മുന്നണി പ്രസിഡണ്ട് ചെല്ലക്കണ്ണ് പറഞ്ഞു. ദലിതുകള്‍ക്ക് ഒരു തുറന്ന പ്രദേശവും റെഡ്ഡിയാര്‍ ഹിന്ദുകുടുംബങ്ങള്‍ക്ക് സംരക്ഷിത മതിലുകളോട് കൂടിയ സ്ഥലവുമാണ് ശ്മശാനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. രണ്ട് സ്ഥലങ്ങളും ഒരുമിച്ചായത് കൊണ്ട് തന്നെ വലിയ മതില്‍ ഇതിനെ രണ്ടിനെയും വേര്‍തിരിക്കുന്നതായും പ്രസിഡണ്ട് ചെല്ലക്കണ്ണ് പറഞ്ഞു.

മഴയത്ത് മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇവര്‍ ഒടുവില്‍ അതിന് മുകളില്‍ പായ വിരിച്ചാണ് തീ കത്തിച്ചത്. തീ കത്തി പകുതിയായതോടെ മൃതദേഹം പകുതി മാത്രം കത്തിയ സന്ദര്‍ഭത്തില്‍ പ്രെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് തമിഴ്നാട് തൊട്ടുകൂടായ്‌മ നിര്‍മ്മാര്‍ജ്ജന മുന്നണി പ്രസിഡണ്ട് ചെല്ലക്കണ്ണ് പറഞ്ഞു. ശേഷം രണ്ട് വിഭാഗക്കാരും വിഷയത്തില്‍ പരിഹാരത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് പോയതായും പക്ഷെ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതായും ചെല്ലക്കണ്ണ് പറഞ്ഞതായി ദി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ദലിത് വിഭാഗക്കാര്‍ ഉയര്‍ന്ന വിഭാഗക്കാരുടെ ശ്മശാനത്തിലേക്ക് കടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് വിഭാഗക്കാരുമായി സംസാരിച്ച് രമ്യമായ പരിഹാരത്തിലെത്തിയതായും പൊലീസ് പറഞ്ഞതായി ദി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് പറയുന്നു.