LiveTV

Live

National

ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദക്കെതിരായ ലൈംഗികാരോപണക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവ്  

ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദക്കെതിരായ ലൈംഗികാരോപണക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവ്  

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ത്ഥിയെ തുടര്‍ പഠനത്തിനായി ഷാജഹാൻപുരിലെ ലോ കോളജിൽ നിന്ന് മറ്റൊരു കോളജിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. വിദ്യാര്‍ഥിനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കാനും ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് നിർദേശം നൽകി.

സ്വാമി ചിന്മയാനന്ദ് അടക്കമുള്ള ഷാജഹാന്‍പൂര്‍ കോളജ് അധികൃതര്‍ക്കും സ്ഥാപനത്തിനും എതിരായാണ് നിയമവിദ്യാര്‍ത്ഥിനി പീഡന ആരോപണമുന്നയിച്ചത്. ഈ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് വിശദമായി പരിശോധിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ, അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതിനായി ബെഞ്ച് രൂപീകരിക്കണം. തുടര്‍ പഠനത്തിന് മറ്റൊരു കോളജിലേക്ക് വിദ്യാർത്ഥിനിയെ മാറ്റണം. വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിർദേശം നൽകി.

ഈ മാസം 24നാണ് വിദ്യാര്‍ത്ഥിനി സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണമുന്നയിച്ച് വീഡിയോ പുറത്ത് വിട്ടത്. മണിക്കൂറുകള്‍ക്കകം വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവില്‍ 30ന് ജയ്പൂരില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് ഹാജരാക്കിയ വിദ്യാര്‍ത്ഥിയില്‍ നിന്നും കോടതി വിവരങ്ങൾ ആരാഞ്ഞിരുന്നു. സംഭവത്തില്‍ ഒരു കൂട്ടം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്.