LiveTV

Live

National

ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന

മെഹ്ബൂബ മുഫ്തി വ്യാഴാഴ്ച മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്

ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന

ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ആഴ്ചകളായി ഇരുവരും കരുതല്‍ തടങ്കലിലാണ്. നാല്പത്തിയേഴ് പൊലീസ് സ്റ്റേഷനുകളില്‍ കൂടി വാര്‍ത്തവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം അഞ്ചിന് കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്നതിന് തൊട്ടുമുമ്പായാണ് ജമ്മുകശ്മീരിലെ ബി.ജെ.പിയിതര രാഷ്ട്രീയ നേതാക്കന്മാരെ കരുതല്‍ തടങ്കലിലാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ബന്ധുക്കളെ കാണാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിക്കും ഒമര്‍ അബ്ദുല്ലക്കും അനുമതി നല്‍കിയത്.

ശ്രീനഗറിലെ ഹരിനിവാസില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല സഹോദരി സഫിയയുമായും മക്കളുമായും കൂടിക്കാഴ്ച നടത്തി. ചെസ്മഷാഹിയില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. 20 മിനുട്ട് മാത്രമാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. 47 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൂടി വാര്‍ത്ത വിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി ജമ്മുകശ്മീര്‍ അധികൃതര്‍ അവകാശപ്പെട്ടു. 29 പൊലീസ് സ്റ്റേഷനുകളില്‍ നേരത്തെ തന്നെ സൌകര്യമുണ്ട്. ഇതോടെ കശ്മീരിലെ എണ്‍പതില്‍ താഴെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിനിമയ സംവിധാനം സാധാരണ നിലയിലാണെന്നും ചുരുക്കം പ്രശ്നബാധിത മേഖലകളില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നുമാണ് ജമ്മുകശ്മീര്‍ അധികൃതര്‍ അവകാശപ്പെടുന്നത്.