LiveTV

Live

National

ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർത്തതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു

ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക

ജി.ഡി.പി വളര്‍ച്ചയിലെ വന്‍ ഇടിവിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഇന്ത്യന്‍ സമ്പദ് രംഗം തകര്‍ത്തത് ബി.ജെ.പി സര്‍ക്കാരാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കൃത്രിമമായി ഉണ്ടാക്കിയ കണക്ക് ഇതാണെങ്കില്‍ യഥാര്‍ത്ഥ ജി.ഡി.പി എത്രയായിരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

ഇന്ത്യന്‍ ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ല്‍ 5 ലേക്ക് ഇടിഞ്ഞതോടെ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. നല്ല ദിവസങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് രംഗത്തെ തകര്‍ത്തുവെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ജി.ഡി.പി വളര്‍ച്ച നിരക്ക് ഇടിഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. ആരുടെ പ്രവര്‍ത്തനങ്ങളാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് ഇപ്പോള്‍ വ്യക്തമായതായി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വീറ്റ് ചെയ്തു. ജി.ഡി.പി കൃത്രിമ കണക്ക് തന്നെ ഇത്രയാണെങ്കില്‍ യഥാര്‍ത്ഥ വളര്‍ച്ച നിരക്ക് എത്രയായിരിക്കുമെന്ന് യെച്ചൂരി ചോദിച്ചു.

സാമ്പത്തിക രംഗത്തെ തകര്‍ച്ചയെ കുറിച്ച് പ്രതിപക്ഷം സര്‍ക്കാരിനെ എപ്പോഴും ഓര്‍മ്മപ്പെടുത്തി എന്നാല്‍ പരസ്യങ്ങളില്‍ വിശ്വസിച്ചിരുന്ന സര്‍ക്കാര്‍ കണക്കുകള്‍ മറച്ച് വെക്കുകയും കൃത്രിമമായത് പുറത്ത് വിടുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജി.ഡി.പിയുടെ വലിയ ഇടിവിന് പിന്നാലെ റിപ്പോ നിരക്കില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും. 0.25 ശതമാനം മുതല്‍ 0.40 ശതമാനം വരെ റിപ്പോ നിരക്ക് കുറക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്