LiveTV

Live

National

ദേശീയ പൗരത്വ പട്ടിക; ബി.ജെ.പിയെ രാഷ്ട്രീയമായി തളര്‍ത്തും

അസം കരാറിനു ശേഷമുള്ള കാലത്ത് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ തര്‍ക്കമായിരുന്നു അസമിലെ പൗരത്വ വിവാദം

 ദേശീയ പൗരത്വ പട്ടിക; ബി.ജെ.പിയെ രാഷ്ട്രീയമായി തളര്‍ത്തും

ദേശീയ പൗരത്വ പട്ടിക അന്തിമമായി പുറത്തുവന്നതോടെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നേട്ടത്തേക്കാളേറെ രാഷ്ട്രീയ തിരിച്ചടികള്‍ക്കാണ് വഴിയൊരുങ്ങുന്നത്. അസമില്‍ 80 ലക്ഷത്തില്‍ പരം വിദേശികളുണ്ടെന്ന പ്രചാരണം നിലവില്‍ 19 ലക്ഷത്തിലേക്ക് ചുരുങ്ങിയെങ്കിലും ബംഗ്ലാദേശി ഹിന്ദുക്കളും വനിതകളും പട്ടികയില്‍ ധാരാളമായി ഇടം കണ്ടെത്തിയത് ബി.ജെ.പിയെ രാഷ്ട്രീയമായി തളര്‍ത്തും.

അസം കരാറിനു ശേഷമുള്ള കാലത്ത് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ തര്‍ക്കമായിരുന്നു അസമിലെ പൗരത്വ വിവാദം. അസമില്‍ പ്രതിദിനം 6000 ബംഗ്‌ളാദേശി നുഴഞ്ഞു കയറ്റക്കാര്‍ എത്തുന്നുണ്ടെന്നും ഇത്തരക്കാരുടെ എണ്ണം 80 ലക്ഷം മുതല്‍ ഒരു കോടി 20 ലക്ഷം വരെയായി വര്‍ധിച്ചതായും ആരോപണമുയര്‍ന്നു. അസമിലെ മുസ്‌ലിം ജനസംഖ്യയെ മൊത്തത്തില്‍ ബംഗ്‌ളാദേശികളാക്കി ചിത്രീകരിക്കുന്ന പ്രചരണമായിരുന്നു നടന്നത്. അതേസമയം ബംഗ്ലാദേശിനോടു ചേര്‍ന്ന സല്‍മാറ, ദുബ്‌രി, ഗോല്‍പാറ മുതലായ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പട്ടികയില്‍ പെടാതെ പോയവരുടെ എണ്ണം ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന കുറവാണ്.

ബംഗ്ലാദേശി ഹിന്ദുക്കള്‍ കൂടുതലുളള കാച്ചാര്‍, ഹൈലാകാണ്ടി, കര്‍ബി ആംഗലോംഗ്, ഹോജായി മുതലായ ജില്ലകളില്‍ ധാരാളം പേര്‍ ഇത്തവണയും പട്ടികക്കു പുറത്താണ്. രേഖകള്‍ സമര്‍പ്പിക്കാത്തവരുടെയോ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചവരുടെയോ എണ്ണം കൂടുതലുള്ളതും ഈ ജില്ലകളിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ദാസിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ചേംഗയിലെ രൂപ്‌സി താലൂക്കില്‍ പോലും നിരവധി ഹിന്ദുക്കള്‍ പൗരത്വ പട്ടികയില്‍ ഇല്ല. ഇപ്പോഴത്തെ പട്ടിക അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സംസ്ഥാന മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാനന്ദ ബിശ്വ ശര്‍മ്മ രംഗത്തെത്തി.

വ്യാജ പ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് തിരിച്ചടിയേറ്റതോടെ അസമില്‍ വീണ്ടും പുതിയൊരു എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.