LiveTV

Live

National

“എന്‍റെ ഉമ്മ തീവ്രവാദിയല്ല; 23 ദിവസമായി ഒരു വിവരവുമില്ല”: മെഹ്ബൂബ മുഫ്തിയുടെ മകള്‍

അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്, രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് അധികൃതര്‍ പരിഗണിക്കുന്നതെന്ന് സന ഇല്‍തിജ മുഫ്തി

“എന്‍റെ ഉമ്മ തീവ്രവാദിയല്ല; 23 ദിവസമായി ഒരു വിവരവുമില്ല”: മെഹ്ബൂബ മുഫ്തിയുടെ മകള്‍

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ അനുവദിക്കാത്തതിനെതിരെ മകള്‍ സന ഇല്‍തിജ മുഫ്തി. തന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്. രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരോട് ഒരു തീവ്രവാദിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്ന് സന പറഞ്ഞു. ഇന്ത്യ ടുഡെ ചാനലിലാണ് സനയുടെ പ്രതികരണം.

23 ദിവസമായി ഉമ്മയോട് സംസാരിച്ചിട്ട്. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഉമ്മ തടവുകാരിയെ പോലെയാണ് കഴിയുന്നത്. എന്തിനാണ് ഉമ്മയെ കാണുന്നതിന് തടസം നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഉമ്മയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ക്ക് നിരവധി തവണ കത്തയച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും സന വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പിന്നീട് ഇവരെ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയായിരുന്നു. ഇവരെ കാണാനോ ആശയവിനിമയം നടത്താനോ കുടുംബാംഗങ്ങളെ പോലും അനുവദിക്കുന്നില്ലെന്നാണ് സന പറയുന്നത്.

ഇത് തന്‍റെ മാത്രം പ്രശ്നമല്ല. എത്ര പേരെയാണ് തടങ്കലിലാക്കിയതെന്ന കണക്ക് പോലും അധികൃതര്‍ പുറയുന്നില്ല. ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ അവസ്ഥ എന്താണെന്ന് അറിയാതെ അവരുടെ കുടുംബങ്ങള്‍ വിഷമിക്കുകയാണെന്നും സന പറഞ്ഞു.