LiveTV

Live

National

കശ്മീര്‍ സന്ദര്‍ശനം: ലീഗിന്‍റെയും മായാവതിയുടെയും വിമര്‍ശനം അര്‍ഥശൂന്യമെന്ന് ഡി രാജ

അംബേദ്കര്‍ 370ആം വകുപ്പിനെ എതിര്‍ത്തുവെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജരാക്കണമെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ ഡി.രാജ

കശ്മീര്‍ സന്ദര്‍ശനം: ലീഗിന്‍റെയും മായാവതിയുടെയും വിമര്‍ശനം അര്‍ഥശൂന്യമെന്ന് ഡി രാജ

ജനാധിപത്യപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ സംഘടനകള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയതെന്ന് ഡി.രാജ. അക്കാര്യത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. മുസ്‌ലിം ലീഗും മായാവതിയും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അര്‍ഥശൂന്യമാണ്. അംബേദ്കര്‍ 370ആം വകുപ്പിനെ എതിര്‍ത്തുവെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജരാക്കണമെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ ഡി.രാജ പറഞ്ഞു. ശ്രീനഗറില്‍ നിന്ന് തിരിച്ചയച്ച പ്രതിപക്ഷ സംഘത്തില്‍ അംഗമായിരുന്നു സി.പി.ഐ ജനറല്‍ സെക്രട്ടറിയായ ഡി.രാജ.

പ്രതിപക്ഷ സംഘടനകളുടെ കശ്മീര്‍ സന്ദര്‍ശനത്തെ കുറിച്ച് മായാവതിയും മുസ്‌ലിം ലീഗും നടത്തുന്ന കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ദല്‍ഹിയിലും പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഡി. രാജ വ്യക്തമാക്കി. ഡി.എം.കെയാണ് ഈ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ പങ്കെടുക്കാതിരുന്നവര്‍ അവരുടെ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ഇനിയും തുറന്നുകാട്ടും. ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കാതെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു ഭാഗത്ത് ഇന്ത്യക്കും പാക്കിസ്താനുമിടയിലെ തര്‍ക്കമാണ് ഇതെന്ന് പറയുന്ന മോദി തന്നെയാണ് മാധ്യസ്ഥത്തിന് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുകയും പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍ക്കുകയും ചെയ്തതെന്നും ഡി. രാജ കുറ്റപ്പെടുത്തി.