LiveTV

Live

National

തൃണമൂല്‍ എം.പിമാര്‍ക്കെതിരെയും കുരുക്ക് മുറുക്കി സി.ബി.ഐ

നാരദ സ്റ്റിങ് ഓപ്പറേഷന്‍ കേസിലാണ് മൂന്ന് ടി.എം.സി എം.പിമാര്‍ക്കും ഒരു മുന്‍ എം.പിക്കുമെതിരെ സി.ബി.ഐ നീങ്ങുന്നത്.

തൃണമൂല്‍ എം.പിമാര്‍ക്കെതിരെയും കുരുക്ക് മുറുക്കി സി.ബി.ഐ

കോണ്‍ഗ്രസിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും സി.ബി.ഐ കുരുക്കില്‍. 2016ലെ നാരദ സ്റ്റിങ് ഓപ്പറേഷന്‍ കേസിലാണ് മൂന്ന് ടി.എം.സി എം.പിമാര്‍ക്കും ഒരു മുന്‍ എം.പിക്കുമെതിരെ സി.ബി.ഐ നീങ്ങുന്നത്. സൌഗത റോയ്, കകോലി ഘോഷ്, പ്രസൂണ്‍ ബാനര്‍ജി എന്നിവര്‍ക്കെതിരായി വിചാരണാനുമതി തേടി സി.ബി.ഐ ലോക്സഭ സ്പീക്കറെ സമീപിച്ചു. ഇപ്പോള്‍ ബംഗാളില്‍ മന്ത്രിയും മുന്‍ എം.പിയുമായ ശുഭേന്ദു അധികാരിയാണ് നാലാമന്‍. അനുമതി ലഭിച്ചാല്‍ നാല് പേരെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

2016ലാണ് നാരദ ന്യൂസിന്‍റെ ‌സ്റ്റിങ് ഓപ്പറേഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയത്. നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ പുറത്തുവിട്ടത്. 2017ൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയിയെ പ്രതിയാക്കില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം തുടരുമെന്നുമാണ് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചത്. കാമറയില്‍ കുടുങ്ങിയ സോവന്‍ ചാറ്റര്‍ജി പ്രതി ചേര്‍ക്കപ്പെടുമോയെന്ന് വ്യക്തമല്ല. അദ്ദേഹവും തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരുകയുണ്ടായി.

ബംഗാള്‍‍ തെരഞ്ഞെടുപ്പിന് മുന്‍പായാണ് നാരദ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നാരദ, ശാരദ ചിട്ടി ഫണ്ട് കേസുകള്‍ ഉയര്‍ത്തിയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണ് ബി.ജെ.പിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വിമര്‍ശിച്ചു.