LiveTV

Live

National

‘ബാബര്‍ അയോധ്യ സന്ദര്‍ശിക്കുകയോ, പള്ളി നിര്‍മ്മിക്കുകയോ ചെയ്തതിന് തെളിവില്ല’

ബാബർ അയോധ്യയിൽ ഹിന്ദു ക്ഷേത്രം തകർക്കുകയോ, മസ്ജിദ് നിർമ്മിക്കുകയോ ചെയ്തതിന് ചരിത്ര രേഖകളില്ലെന്നാണ് അഖില ഭാരതീയ ശ്രീറാം ജന്മഭൂമി പുനരുദ്ധാർ സമിതി കോടതിയിൽ വാദിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്

‘ബാബര്‍ അയോധ്യ സന്ദര്‍ശിക്കുകയോ, പള്ളി നിര്‍മ്മിക്കുകയോ ചെയ്തതിന് തെളിവില്ല’

മുഗൾ ചക്രവർത്തി ബാബർ അയോധ്യ സന്ദർശിക്കുകയോ ബാബരി മസ്ജിദ് നിർമ്മിക്കുകയോ ചെയ്തതിന് തെളിവില്ലെന്ന് രാം ജന്മ ഭൂമി സമിതി കോടതിയിൽ. 1528ൽ ബാബർ അയോധ്യയിൽ ഹിന്ദു ക്ഷേത്രം തകർക്കുകയോ, മസ്ജിദ് നിർമ്മിക്കുകയോ ചെയ്തതിന് ചരിത്ര രേഖകളില്ലെന്നാണ് അഖില ഭാരതീയ ശ്രീറാം ജന്മഭൂമി പുനരുദ്ധാർ സമിതി കോടതിയിൽ വാദിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്.

ബാബരി മസ്ജിദിനായി മുസ്‍ലിം കക്ഷികൾ നൽകിയ ഹരജിക്കെതിരെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമിതി വാദം ഉന്നയിച്ചത്. ചരിത്ര ഗ്രന്ഥങ്ങളായ തുസുക് ഇ ബാബരി (Tuzuk-i-Baburi), ബാബർനാമ (Baburnama), ഹുമയൂൺനാമ (Humayunnama), അക്ബർനാമ (Akbarnama), തുസുക് ഇ ജഹാംഗീരി (Tuzuk-i-Jahangiri) എന്നിവയിലൊന്നും പള്ളി നിർമ്മിച്ചതിനെ പറ്റി ഒന്നു പറയുന്നില്ലെന്ന് ജന്മ ഭൂമി സമിതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ പി.എൻ മിശ്ര കോടതിയിൽ പറഞ്ഞു.

ബാബർ അയോധ്യയിൽ പ്രവേശിച്ചിട്ടില്ല. ക്ഷേത്രം തകർക്കാനോ മസ്ജിദ് നിർമ്മിക്കാനോ അക്ബർ ശ്രമിച്ചതായി തെളിവുകളുമില്ല. മിർ ബഖി എന്ന പേരിൽ ബാബറിന് കമാന്‍ഡറുള്ളതായും ചരിത്രരേഖകളിൽ ഒന്നും പറയുന്നില്ലെന്നും സമിതി വാദിച്ചു. ബാബറിന്റെ 18 വർഷത്തെ ജീവിതം വിവരിക്കുന്ന ബാബർനാമയോ, അന്നത്തെ സമകാലീനനായിരുന്ന തുളസീദാസോ അയോധ്യയിലെ മസ്ജിദിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

ക്ഷേത്രം പൊളിച്ച് പള്ളി നിർമ്മിച്ചത് ബാബറല്ലെന്ന് ഇതിനാൽ വ്യക്തമാണെന്നും, മധുരയിലും കാശിയിലും ക്ഷേത്രങ്ങൾ തകർത്ത് പള്ളി സ്ഥാപിച്ച ഔരംഗസീബാണ് ഇതിന് പിന്നിലെന്നുമാണ് പി.എം മിശ്ര പറഞ്ഞത്. നാല് പ്രമുഖ ക്ഷേത്രങ്ങൾ പൊളിച്ച് പള്ളി നിർമ്മിച്ചിരുന്നതായി ഔരംഗസേബിന്റെ ഒരു കമാൻഡർ പറഞ്ഞിട്ടുള്ളതായും മിശ്ര കൂട്ടിച്ചേർത്തു.

ബാബരി മസ്ജിദ് തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം മൂന്ന് തുല്യഭാഗങ്ങളായി വിഭജിച്ച് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്ക് നൽകാനുള്ള അലഹബാദ് കോടതിയുടെ 2010ലെ വിധിക്കെതിരെ കക്ഷികൾ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു. വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീകോടതിയിൽ എത്തിയത്.