LiveTV

Live

National

മുസ്‌ലിങ്ങള്‍ സ്വാഭാവികമായും കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരാണെന്ന് 50 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട് 

മുസ്‌ലിങ്ങള്‍ സ്വാഭാവികമായും കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരാണെന്ന് 50 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട് 

മുസ്‌ലിംങ്ങള്‍ സ്വാഭാവികമായും കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരാണെന്ന് അന്‍പത് ശതമാനം പൊലീസുകാരും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 2019ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സാധാരണമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പൊലീസുകാരും അഭിപ്രായപ്പെട്ടത്. ലൈംഗികാതിക്രമക്കേസിലെ പ്രതിയെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നത് സാധാരണമാണെന്ന് 43 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോമണ്‍ കോസ്, ലോക്‌നീതി പ്രോഗ്രാം ഓഫ് ദ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് എന്നീ എന്‍.ജി.ഒകളാണ് ‘പൊലീസിലെ കാര്യക്ഷമത, ജോലി വ്യവസ്ഥ’ എന്നിവ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചൊവ്വാഴ്ച സുപ്രീം കോടതി മുന്‍ ജഡ്ജി ജെ. ചെലമേശ്വറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 21 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയില്‍ 12000 പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. 11000ത്തോളം വരുന്ന പൊലീസുകാരുടെ കുടുംബാംഗങ്ങളും സര്‍വേയുടെ ഭാഗമായി.

ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നല്‍കുന്നതിന് പകരം പൊലീസ് തന്നെ നല്‍കുന്ന ചെറിയ ശിക്ഷ മതിയാവുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും അഭിപ്രായപ്പെട്ടു. 72 ശതമാനം പൊലീസുകാരും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ പ്രസിദ്ധമായ ഹാഷിംപുര കൂട്ടക്കൊലയിലെ വിധിയിലും ഡല്‍ഹി ഹൈക്കോടതി പൊലീസുകാര്‍ക്കിടയിലെ മുസ്‍ലിം വിരോധം തുറന്നുകാട്ടിയിരുന്നു. 2018ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് അധികരിച്ചാണ് അന്ന് ഡല്‍ഹി കോടതി പൊലീസുകാര്‍ക്കിടയിലെ മുസ്‍ലിം വിരോധം ചൂണ്ടിക്കാട്ടിയത്.