LiveTV

Live

National

‘ഞങ്ങളുടെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു, കണ്ടെത്താന്‍ സഹായിക്കണം’; താഴ്‍വരയിലെ മാധ്യമ അടിച്ചമര്‍ത്തല്‍ ചൂണ്ടിക്കാട്ടി കശ്മീരി മാധ്യമം 

‘ഞങ്ങളുടെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു,  കണ്ടെത്താന്‍ സഹായിക്കണം’;   താഴ്‍വരയിലെ മാധ്യമ അടിച്ചമര്‍ത്തല്‍ ചൂണ്ടിക്കാട്ടി കശ്മീരി മാധ്യമം 

ഞങ്ങളുടെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു, കണ്ടെത്താന്‍ സഹായിക്കണം ’; കശ്മീരിയത്ത് പത്രം ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. ഇക്കഴിഞ്ഞ 25നാണ് പൊലീസ് കശ്മീരിലെ കശ്മീരിയത്ത് എന്ന മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് വിളിച്ച പൊലീസ് എഡിറ്ററായ ഖാസി ഷിബിലി ഒഴികെയുള്ള വ്യക്തികളോട് സ്റ്റേഷനില്‍ നിന്നും പോകാന്‍ അനുമതി നല്‍കുകയും ശേഷം എട്ട് ദിവസം എഡിറ്ററെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തങ്ങളുടെ എഡിറ്ററെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് മറ്റുള്ള മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചെങ്കിലും പൊലീസ് അതിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് കാശ്മീരിയത്ത് റിപ്പോര്‍ട്ട് പറയുന്നു. ശേഷം ആഗസ്റ്റ് അഞ്ചിന് ഖാസി ഷിബിലിയെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും അന്ന് അദ്ദേഹത്തെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സഹോദരനെ കബളിപ്പിച്ച് പൊലീസ് ഖാസി ഷിബിലിയെ വേറൊരു ഇടത്തിലേക്ക് മാറ്റിയതായി മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്റ്റേഷനില്‍ വെച്ച് അവസാനമായി കണ്ട സന്ദര്‍ഭത്തില്‍ ഖാസി ഷിബിലിയുടെ കൈയ്യില്‍ പണമൊന്നും ഇല്ലായിരുന്നെന്നും ധരിക്കാന്‍ വസ്ത്രം പോലും ഇല്ലായിരുന്നെന്നും കശ്മീരിയത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്റ്റേഷനിനകത്തേക്ക് കയറാന്‍ പൊലീസ് അനുവദിക്കുന്നല്ലെന്നും അവര്‍ പറഞ്ഞു.

അതെ സമയം ഖാസി ഷിബിലിയെ ആഗ്രയിലേക്ക് മാറ്റിയതായി വിവരമുണ്ടെന്നും പക്ഷേ ആഗ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചതായും സഹോദരന്‍ ഖാസി ഉമൈര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തെ അങ്ങോട്ട് മാറ്റുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ പൊലീസ് അറിയിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു. മൂന്ന് ആഴ്ച്ചകളായി സഹോദരനെ അന്വേഷിക്കുകയാണെന്നും പക്ഷേ എല്ലാം നിഷ്ഫലമായെന്നും ഖാസി ഉമൈര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.