LiveTV

Live

National

പീഡനം പരാതിപ്പെട്ട പെണ്‍കുട്ടിയെ കാണാതായി: മുന്‍ കേന്ദ്രമന്ത്രിക്കെതിരെ കേസ്

കേസെടുക്കാന്‍ വൈകിയതിലും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിലും പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.

 പീഡനം പരാതിപ്പെട്ട പെണ്‍കുട്ടിയെ കാണാതായി: മുന്‍ കേന്ദ്രമന്ത്രിക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി പ്രകാരമാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ പെണ്‍കുട്ടിയെ കാണാതായി. കുടുംബം പരാതി നല്‍കിയെങ്കിലും പരിഗണിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

പ്രതിഷേധം ശക്തമായതോടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഷാജഹാന്‍പൂര്‍ പൊലീസ് തയ്യാറായത്. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്.

കേസെടുക്കാന്‍ വൈകിയതിലും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിലും പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഉന്നാവോ കേസില്‍ കുല്‍ദീപ് സെനഗറിനെ കുടുക്കിയപോലെ തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് സ്വാമി ചിന്മയാനന്ദിന്റെ പ്രതികരണം. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.