LiveTV

Live

National

രാജ്‌നാഥ് സിംങ് നാളെ ലഡാക്ക് സന്ദര്‍ശിക്കും

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്

രാജ്‌നാഥ് സിംങ് നാളെ ലഡാക്ക് സന്ദര്‍ശിക്കും

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാളെ ലഡാക്ക് സന്ദര്‍ശിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി ലഡാക്കില്‍ എത്തുന്നത്. ജമ്മുകശ്മീരില്‍ അടുത്ത മാസം നടത്താനിരുന്ന നിക്ഷേപക സംഗമം റദ്ദാക്കി. ഇതിനിടെ, കശ്മീരിന്റെ വികസനത്തിനായി മന്ത്രിതല സമിതി രൂപീകരിച്ചുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും കേന്ദ്രം ഇക്കാര്യം നിഷേധിച്ചു.

നാളെ ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ വിലയിരുത്തല്‍ നടത്തും. ഉന്നത സൈനിക പ്രതിരോധ ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടത്താനിരുന്ന നിക്ഷേപക സംഗമം മാറ്റിവെച്ചിട്ടുണ്ട്.

പുതിയ തീയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി മാറാതെ നിക്ഷേപസംഗമം നടത്തേണ്ട എന്നതാണ് തീരുമാനം. രാജ്യത്തെ പല പ്രമുഖ കമ്പനികളും നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനിരിക്കേയാണ് പരിപാടി മാറ്റിയത്.

അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആര്‍ക്കും ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ജമ്മു കശ്മീരില്‍ ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ അമ്പതിനായിരം സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങളിലെ നിയന്ത്രണം ഘട്ടംഘട്ടമായി എടുത്തുമാറ്റും. ജമ്മുകാശ്മീരിലെ ക്ഷേമവും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.