LiveTV

Live

National

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പാക് ആഹ്വാനം; പട്ടിണി കിടക്കാനാണോ ഉദ്ദേശ്യം എന്ന് ഇന്ത്യന്‍ ട്വിറ്റർ 

പാകിസ്താൻ ഇറക്കുമതി ചെയ്യുന്നതിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ. മൊത്തം ഇറക്കുമതിയുടെ 4.07 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പാക് ആഹ്വാനം; പട്ടിണി കിടക്കാനാണോ ഉദ്ദേശ്യം എന്ന് ഇന്ത്യന്‍ ട്വിറ്റർ 

കശ്മീരിലെ നരേന്ദ്ര മോദി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താനിൽ ഇന്ത്യാ വിരുദ്ധ പ്രചരണം ശക്തമാകുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാകിസ്താനിലെ ട്വിറ്റർ ഉപയോക്താക്കളുടെ പ്രചരണത്തിന് ഇന്ത്യൻ ട്വിറ്ററാറ്റിയും അതേരീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങിയതോടെ #BoycottIndianProducts എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിലും ഒന്നാം സ്ഥാനത്തെത്തി.

കശ്മീരി ജനതയുടെ മനുഷ്യാവകാശം നിഷേധിക്കുന്ന മോദി സർക്കാർ നടപടിയിലുള്ള പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണം എന്ന സന്ദേശമാണ് വൈറലാകുന്നത്. 'നമ്മുടെ കശ്മീരി സുഹൃത്തുക്കൾക്കു വേണ്ടി നിങ്ങൾ മരണത്തെ വാങ്ങുകയാണോ?' എന്നാണ് ഏറെ പ്രചാരം ലഭിച്ച ഒരു പോസ്റ്ററിലെ വാചകങ്ങൾ.

മറ്റു പോസ്റ്ററുകളിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളെ പറ്റിയുള്ള വിശദാംശങ്ങളുണ്ട്. ബഹിഷ്‌കരിക്കുന്ന ഉൽപ്പന്നങ്ങൾക്കു പകരം ഉപയോഗിക്കാവുന്ന തദ്ദേശീയ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്.

ഉൽപ്പന്നങ്ങൾക്കു പുറമെ ബോളിവുഡ് സിനിമകളും ഇന്ത്യൻ ചാനലുകളും കാണരുതെന്ന ആഹ്വാനവും സജീവമാണ്.

അതേസമയം, പാകിസ്താനികളുടെ പ്രചരണത്തെ പരിഹാസം കൊണ്ടാണ് ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ നേരിടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒന്നും വേണ്ടെങ്കിൽ നദികളിൽ നിന്നുള്ള വെള്ളവും വേണ്ടെന്നു വെക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. സിന്ധഉ, ഝലം, ചെനാബ്, രവി, സത്‌ലജ്, ബീസ് എന്നീ നദികൾ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച് പാകിസ്താനിലേക്കൊഴുകുന്നുണ്ട്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണെങ്കിൽ പാകിസ്താനികൾ പട്ടിണിയാകുമെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു.

പാകിസ്താന്റെ ഔദ്യോഗിക ഭാഷയായ ഉർദു ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്നും പിടിച്ചെടുത്ത കശ്മീരിന്റെ ഭാഗം ഇന്ത്യക്ക് തിരിച്ചുനൽകണമെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.

പാകിസ്താൻ ഇറക്കുമതി ചെയ്യുന്നതിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ. മൊത്തം ഇറക്കുമതിയുടെ 4.07 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. പാകിസ്താൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതാവട്ടെ അവരുടെ മൊത്തം കയറ്റുമതിയുടെ 1.67 ശതമാനം മാത്രവും. 31 ശതമാനവുമായി ചൈനയും 12 ശതമാനം വീതമായി യു.എ.ഇ, സൗദി രാജ്യങ്ങളുമാണ് പാക് ഇറക്കുമതിയിൽ മുന്നിലുള്ള രാജ്യങ്ങൾ.

അതേസമയം, ഇന്ത്യയുടെ ആഗോള0 കയറ്റുമതിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ പാകിസ്താനിലേക്കുള്ളൂ. 2017-18 സാമ്പത്തിക വർഷത്തിൽ 240 കോടി ഡോളറിന്റെ കച്ചവടമാണ് ഇന്ത്യൻ കമ്പനികൾക്ക് പാകിസ്താനിലുണ്ടായിരുന്നത്.