LiveTV

Live

National

സി.ബി.ഐ കസ്റ്റഡിയില്‍ പീഡനം നടക്കുമോയെന്ന് ഭയക്കുന്നു- ചിദംബരം

പി. ചിദംബരത്തിന് മേല്‍ എന്‍ഫോഴ്സ്മെന്റ് ഇല്ലാത്ത കുറ്റം ചുമത്തി മുഖ്യസൂത്രധാരനാക്കാന്‍ ശ്രമിക്കുയാണെന്നായിരുന്നു അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുടെ വാദം

സി.ബി.ഐ കസ്റ്റഡിയില്‍ പീഡനം നടക്കുമോയെന്ന് ഭയക്കുന്നു- ചിദംബരം

സി.ബി.ഐ കസ്റ്റഡിയില്‍ പീഡനം നടക്കുമോയെന്ന് ഭയക്കുന്നതായി ഐ.എന്‍.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി. ചിദംബരം സുപ്രീംകോടതിയില്‍. സമ്മര്‍ദ്ദം ചെലുത്തി മൊഴി രേഖപ്പെടുത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്നും, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.

പി. ചിദംബരത്തിന് മേല്‍ എന്‍ഫോഴ്സ്മെന്റ് ഇല്ലാത്ത കുറ്റം ചുമത്തി മുഖ്യസൂത്രധാരനാക്കാന്‍ ശ്രമിക്കുയാണെന്നായിരുന്നു അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയുടെ വാദം. ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതെ വരുമ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. സമ്മര്‍ദ്ദം ചെലുത്തി മൊഴി രേഖപ്പെടുത്താനാണ് ശ്രമം. ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നും അവ പരിശോധിച്ചാല്‍ സത്യം മനസിലാക്കാമെന്നും മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. ആരോപിച്ചിരിക്കുന്നത് ഏഴു വർഷം ശിക്ഷയുള്ള കുറ്റമാണ്. അവ പരിഗണിച്ചാലും ജാമ്യം അനുവദിക്കാന്‍ കഴിയും. മുൻ‌കൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി നടപടിയെയും മനു അഭിഷേക് സിങ്‌വി വിമര്‍ശിച്ചു.

ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച് നാളെയും വാദം കേള്‍ക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും. ചിദംബരത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും നിലവിലുയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ചിദംബരത്തിന്‍റെ കുടുംബം വ്യക്തമാക്കി. നിലവിലെ സ്വത്ത് വകകളെല്ലാം നീതിയുക്തമായി നേടിയതാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചിദംബരത്തെ മകൻ കാർത്തി ചിദംബരത്തോടൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കും. വിദേശ ബാങ്ക് അക്കൗണ്ടുകൾ, വസ്തുക്കൾ, പങ്കാളിത്തമുള്ള കമ്പനികൾ തുടങ്ങിയവ സംബന്ധിച്ചാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.