LiveTV

Live

National

‘ജനാധിപത്യത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടിങ് ആണ് രാജ്യതാല്‍പര്യം; സര്‍ക്കാരിനെ താണുവണങ്ങുകയല്ല പ്രസ് കൗണ്‍സില്‍ ചെയ്യേണ്ടത്’

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട് അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് എതിരാണെന്ന് ദ ഹിന്ദുവിന്‍റെ മുഖപ്രസംഗം

‘ജനാധിപത്യത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടിങ് ആണ് രാജ്യതാല്‍പര്യം; സര്‍ക്കാരിനെ താണുവണങ്ങുകയല്ല പ്രസ് കൗണ്‍സില്‍ ചെയ്യേണ്ടത്’

കശ്മീരില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ ദ ഹിന്ദുവിന്‍റെ മുഖപ്രസംഗം. കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇടപെട്ടാണ് പ്രസ് കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മുന്‍നിര്‍ത്തിയുള്ളതാണെന്നാണ് കൗണ്‍സിലിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ പി.സി.ഐയുടെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയാണ് ദ ഹിന്ദുവിന്‍റെ മുഖപ്രസംഗം.

‘ജനാധിപത്യത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടിങ് ആണ് രാജ്യതാല്‍പര്യം; സര്‍ക്കാരിനെ താണുവണങ്ങുകയല്ല പ്രസ് കൗണ്‍സില്‍ ചെയ്യേണ്ടത്’

ദ ഹിന്ദുവിന്‍റെ മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട് അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് എതിരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ആശയവിനിമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ കോടതിയെ സമീപിക്കുകയുണ്ടായി. നിയമത്തിന് മുന്‍പില്‍ തുല്യത ഉറപ്പുവരുത്തുന്ന ആര്‍ട്ടിക്കിള്‍ 14, അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ആര്‍ട്ടിക്കിള്‍ 19 എന്നിവ ചൂണ്ടിക്കാട്ടിയാണ് അനുരാധ ഭാസിന്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ പി.സി.ഐ ഇടപെടാന്‍ തീരുമാനിച്ചാല്‍ ചെയ്യേണ്ടിയിരുന്നത് ഈ ഹര്‍ജിയെ പിന്തുണക്കുക എന്നതായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെ ന്യായീകരിക്കുകയാണ് പി.സി.ഐ ചെയ്തത്. രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനാണ് നിയന്ത്രണങ്ങള്‍ എന്ന നിലപാടാണ് പി.സി.ഐ കൈക്കൊണ്ടത്. സ്വതന്ത്ര മാധ്യമങ്ങളും സമൂഹവും രാജ്യത്തിന്‍റെ അഖണ്ഡതക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന സങ്കല്‍പം സ്വേച്ഛാധിപത്യത്തിന് യുക്തി ചമക്കലാണ്. മാധ്യമങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

ജനാധിപത്യ രാഷ്ട്രത്തില്‍ മാധ്യമങ്ങള്‍ സ്വതന്ത്രവും ഉത്തരവാദിത്വമുള്ളതും ആവണമെന്നാണ് പി.സി.ഐയുടെ പ്രഖ്യാപിത നയം. തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യത്തിന് മറ്റേത് സ്വാതന്ത്ര്യങ്ങളെയും പോലെ ന്യായമായ നിയന്ത്രണങ്ങള്‍ വേണ്ടിവരും. 'ന്യായമായ' എന്ന വാക്കിന് പ്രാധാന്യമുണ്ട്. ഇക്കാര്യത്തില്‍ പി.സി.ഐയുടെ അവകാശവാദങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. 1990കളില്‍ പഞ്ചാബില്‍ സൈന്യം ഭരണം ഏറ്റെടുത്തപ്പോള്‍ വാര്‍ത്ത സത്യസന്ധമായും പക്ഷപാതമില്ലാതെയും ജനങ്ങളില്‍ എത്തിക്കാനുള്ള സംസ്ഥാനത്തെ മാധ്യമങ്ങളുടെ ശ്രമത്തെ പ്രസ് കൌണ്‍സില്‍ പിന്തുണക്കുകയുണ്ടായി. 90കളില്‍ അയോധ്യ കേസുമായി ബന്ധപ്പെട്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ച പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ പി.സി.ഐ നിലപാടെടുത്തു. രാജ്യത്ത് മാധ്യമപ്രവര്‍ത്തനം ഏറെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. സത്യസന്ധമായ റിപ്പോര്‍ട്ടിങിന് പകരം രാജ്യതാല്‍പര്യമെന്ന് പറഞ്ഞ് മാധ്യമങ്ങളെ പിന്നോട്ടുവലിക്കുകയാണ്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് സത്യസന്ധമായ റിപ്പോര്‍ട്ടിങ് ആണ് രാജ്യതാല്‍പര്യം. പി.സി.ഐ സ്വന്തം കടമ നിര്‍വഹിക്കണം. അല്ലാതെ സര്‍ക്കാരിനെ സാഷ്ടാംഗം താണുവണങ്ങുകയല്ല വേണ്ടത്.