LiveTV

Live

National

എന്നും രാവിലെ അരുൺ ജെയ്റ്റ്‌ലിയെ വിളിക്കാറുണ്ടായിരുന്നു എന്ന് ടൈംസ് നൗ മാനേജിംഗ് എഡിറ്റർ; ഇതെന്ത് മാധ്യമപ്രവർത്തനം എന്ന് സോഷ്യൽ മീഡിയ 

അന്നന്നത്തെ മാധ്യമ കവറേജിന് അജണ്ട നിശ്ചയിക്കുന്ന ബ്യൂറോ ചീഫ് ആയിട്ടാണ് പലരും പലർക്കും അരുൺ ജെയ്റ്റ്‌ലിയെ അറിയാമായിരുന്നത് ദി കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് 

എന്നും രാവിലെ അരുൺ ജെയ്റ്റ്‌ലിയെ വിളിക്കാറുണ്ടായിരുന്നു എന്ന് ടൈംസ് നൗ മാനേജിംഗ് എഡിറ്റർ; ഇതെന്ത് മാധ്യമപ്രവർത്തനം എന്ന് സോഷ്യൽ മീഡിയ 

അന്തരിച്ച മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്ത ടൈംസ് നൗ മാനേജിംഗ് എഡിറ്റർ നവിക കുമാർ പുലിവാൽ പിടിച്ചു. ജെയ്റ്റ്‌ലിയുമായി തനിക്കുള്ള അടുപ്പം വ്യക്തമാക്കുന്നതിനായി നവിക കുറിച്ച കാര്യങ്ങൾ മാധ്യമപ്രവർത്തക നൈതികതക്ക് വിരുദ്ധമാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.

'എനിക്ക് നഷ്ടമായത് എന്റെ വഴിവെളിച്ചത്തെയും മാർഗദർശിയെയുമാണ്. ഇനി എന്നും രാവിലെ ഞാൻ ആരെയാണ് വിളിക്കുക? അങ്ങയുടെ നർമബോധം, ഫലിതം, കൊച്ചുകഥകൾ, ചരിത്രത്തിലുള്ള അങ്ങയുടെ വിവരം, ബുദ്ധിശക്തി ഇതിനൊന്നും സമാനതകളില്ല. ആകാശത്തെ ഏറ്റവും തെളിച്ചമുള്ള നക്ഷത്രം അങ്ങ് ഞങ്ങളെ നിരീക്ഷിച്ച് വഴിനടത്തുകയാണെന്ന് എന്നെ ഓർമിപ്പിക്കും.' എന്നായിരുന്നു നവികയുടെ ട്വീറ്റ്.
ആശുപത്രിയിൽ പോകുന്നതിനു മുമ്പ് മൂന്ന് പുസ്തകങ്ങൾ എഴുതുന്നതിനെപ്പറ്റി ചർച്ച നടത്തിയിരുന്നുവെന്നും അത് പൂർത്തിയാക്കാതെ വളരെ നേരത്തെയാണ് ജെയ്റ്റ്‌ലി വിടപറഞ്ഞതെന്നും നവിക ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തിരിക്കുന്നയാൾ മുതിർന്ന ബി.ജെ.പി നേതാവിനെ എന്നും രാവിലെ വിളിക്കുന്നതിലെ അസ്വാഭാവികതയാണ് പലരും ചോദ്യം ചെയ്തത്. ടൈംസ് നൗവിന്റെ പരസ്യമായ ബി.ജെ.പി അനുഭാവത്തിനു പിന്നിൽ അതിലെ മാധ്യമപ്രവർത്തകർക്ക് പാർട്ടി നേതാക്കളുമായുള്ള അടുപ്പമാണെന്ന് സോഷ്യൽ മീഡിയ ആരോപിച്ചു.

അന്നന്നത്തെ മാധ്യമ കവറേജിന് അജണ്ട നിശ്ചയിക്കുന്ന ബ്യൂറോ ചീഫ് ആയിട്ടാണ് പലരും പലർക്കും അരുൺ ജെയ്റ്റ്‌ലിയെ അറിയാമായിരുന്നത് എന്ന് അന്തർദേശീയ തലത്തിൽ പ്രസിദ്ധനും ദി കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസ് പരിഹസിച്ചു.

'ന്യൂഡൽഹിയിലെ ജേണലിസ്റ്റുകളെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന, അന്നന്നെ മാധ്യമ കവറേജിന്റെ അജണ്ട നിശ്ചയിക്കുന്ന ബ്യൂറോ ചീഫ് ആയിട്ടായിരുന്നു പലരും ജെയ്റ്റ്‌ലിയെ അറിഞ്ഞിരുന്നത്. മിക്കവാറും എല്ലാ ദിവസവും അവർ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തുകും കൽപ്പനകൾ സ്വീകരിക്കുകയും കഥകൾ വാങ്ങുകയും ചെയ്തു. ഈ കുറ്റസമ്മതം ഇന്ത്യയിലെ പ്രധാന ടെലിവിഷനുകളിലൊന്നിന്റെ മാനേജിംഗ് എഡിറ്ററിൽ നിന്നാണ് വരുന്നത്.' നവികയുടെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം വിനോദ് കെ ജോസ് പ്രതികരിച്ചു.

നവികയുടെ വെളിപ്പെടുത്തൽ ലജ്ജാകരമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ സമർ അനാര്യ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യയുടെ ധനകാര്യമന്ത്രിയും അധികാര കേന്ദ്രത്തിലെ പ്രധാനിയുമായ ജെയ്റ്റ്‌ലിയെ എന്നും കാണാറുണ്ടായിരുന്നു എന്ന നവികയുടെ വെളിപ്പെടുത്തൽ ലജ്ജാകരമാണെന്ന് സമർ ട്വീറ്റ് ചെയ്തു.

ദിവസവും നിങ്ങള്‍ രാഷ്ട്രീയകാര്യ മാധ്യമ പ്രവര്‍ത്തനത്തിന് ഉപദേശം തേടി ജൈയ്റ്റ്ലിയെ വിളിക്കുമെന്നോ? നോട്ട് നിരോധനം പോലെ തന്നെ നിങ്ങളുടെ ടി.വി ഷോകള്‍ ദയനീയമാകുന്നതില്‍ അത്ഭുതമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

നവികയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച് നിരവധി പേര്‍ പ്രതികരിച്ചു: