LiveTV

Live

National

ജാമ്യത്തിലിറങ്ങിയ കലാപക്കേസ് പ്രതികള്‍ക്ക് സംഘപരിവാറിന്‍റെ ഗംഭീര സ്വീകരണം

പ്രശ്ന പരിഹാരത്തിനായി വന്ന ഇന്‍സ്പെക്ടര്‍ സുബോധ് സിങും പ്രദേശവാസി സുമിത് കുമാറും ഗോരക്ഷാഗുണ്ടകളുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു

ജാമ്യത്തിലിറങ്ങിയ  കലാപക്കേസ് പ്രതികള്‍ക്ക് സംഘപരിവാറിന്‍റെ ഗംഭീര സ്വീകരണം

ബുലന്ദ് ശഹര്‍ കലാപ കേസിലെ പ്രതികള്‍ക്ക് ഉത്തര്‍പ്രദേശില്‍ ഗംഭീര സ്വീകരണം. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഏഴു പ്രതികളെ പൂമാലയിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോടതി ഉത്തരവ് നിരാശജനകമെന്ന് സുബോധ് സിങിന്‍റെ കുടുംബം പ്രതികരിച്ചു.

2018 ഡിസംബര്‍ മൂന്നിനാണ് ബുലന്ദ് ശഹറിലെ ഗ്രാമത്തിലെ വയലില്‍ പശുക്കളുടെ ജഡം കണ്ടെത്തി എന്ന് ആരോപിച്ച് സംഘര്‍ഷം ആരംഭിച്ചത്. പ്രശ്ന പരിഹാരത്തിനായി വന്ന ഇന്‍സ്പെക്ടര്‍ സുബോധ് സിങും പ്രദേശവാസി സുമിത് കുമാറും ഗോരക്ഷാഗുണ്ടകളുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്തെ ബി.ജെ.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടക്കം 38 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഏഴു പേര്‍ക്കാണ് ശനിയാഴ്ച ജാമ്യം ലഭിച്ചത്. പ്രതികളെ പൂമാലയിട്ട് ജയ് ശ്രീറാം വിളികളോടൊയാണ് സ്വീകരിച്ചത്. പ്രകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്നവരുടെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇത്തരം സ്വീകരണങ്ങള്‍ സാധാരണമാണെന്നും ഇതില്‍ സര്‍ക്കാരിനും ബി.ജെ.പിക്കും ഒന്നും ചെയ്യാനില്ലെന്നാണ് യു.പി ഉപമുഖ്യമന്ത്രി കെ.പി മൌര്യയുടെ വിശദീകരണം. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവ് നിരാശാജനകമാണെന്നും മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കുമെന്നും കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് സിങിന്‍റെ കുടുംബം പ്രതികരിച്ചു. ജനാധിപത്യത്തിന്‍റെ പുതിയ നിര്‍വചനമാണോ ഇതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു.