LiveTV

Live

National

ആര്‍.ബി.ഐ കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന് കൈമാറും

കരുതല്‍ ധനം കൈമാറുന്നത് രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രശ്നമുണ്ടാക്കുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു

ആര്‍.ബി.ഐ കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന്  കൈമാറും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ധനം കേന്ദ്രസര്‍ക്കാറിന് കൈമാറാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ആര്‍.ബി.ഐ ബോര്‍ഡിന്‍റേതാണ് തീരുമാനം. 1.76 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് കൈമാറുക. ബിമല്‍ ജലാന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് തീരുമാനം.

മൂന്ന് മുതൽ അഞ്ചു വർഷം കൊണ്ട് തുക കൈമാറാനാണ് തീരുമാനം. കഴിഞ്ഞ ഡിസംബർ 26 മുന്‍ഗവര്‍ണറായിരുന്ന ബിമല്‍ ജലന്‍ ഉള്‍പ്പെടെ ആറംഗ സമിതിയെ ഇതിനായി നിയോഗിച്ചത്. അതേസമയം കരുതല്‍ ധനം കൈമാറുന്നത് രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രശ്നമുണ്ടാക്കുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.

മുമ്പ് കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ രൂക്ഷമായ തര്‍ക്കുമുണ്ടായിരുന്നു. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായിരുന്നപ്പോള്‍ കരുതല്‍ ധനം സര്‍ക്കാറിന് കൈമാറാന്‍ ആര്‍.ബി.ഐ തയ്യാറായിരുന്നില്ല. ഇതാണ് പിന്നീട് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്‍റെ രാജിയിലേക്കുള്‍പ്പടെ നയിച്ചത്..

അസറ്റ് ഡെവലപ്പ്മെന്‍റ് ഫണ്ട്, കറന്‍സി ആന്‍ഡ് ഗോള്‍ഡ് റീവാല്യുവേഷന്‍ ഫണ്ട്, ഇന്‍വെസ്റ്റ്മെന്‍റ് റീവാല്യുവേഷന്‍ അക്കൗണ്ട് റീ- സെക്യൂരിറ്റീസ് എന്നിങ്ങനെ വിവിധ ഫണ്ടുകളിലായി ആകെ 9.60 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്നത്.