LiveTV

Live

National

ബംഗാളില്‍ ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് അനുമതി

പി.സി.സി അധ്യക്ഷന്‍ സൊമന്‍ മിത്ര കഴിഞ്ഞദിവസം സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യത്തിനുളള അനുമതി നല്‍കിയത്

ബംഗാളില്‍ ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് അനുമതി

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ അനുമതി ലഭിച്ചു. കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായ സോണിയ ഗാന്ധിയാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരേയും സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. ഇതു പരിഗണിച്ചാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയുക എന്നതാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് ബംഗാള്‍ പി.സി.സി പ്രസിഡന്‍റ് സുമന്‍ മിത്ര വ്യക്തമാക്കി.

വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യത്തിന് ഇടതുപക്ഷം അനുകൂല നിലപാടെടുത്താല്‍ മുന്നോട്ടു പോകാന്‍ ബംഗാള്‍ പി.സി.സിക്ക് സോണിയ ഗാന്ധി അനുമതി നല്‍കുകയും ചെയ്തു. അതേസമയം ഇടതു പക്ഷവുമായി ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധിക്ക് നല്ല ബന്ധമുണ്ടെങ്കിലും സഖ്യത്തിന് ഇടതിനെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പ് മമതാ ബാനര്‍ജിക്കെതിരെ ആയിരിക്കുമെന്നും അതിനാല്‍ ബി.ജെ.പിയുടെ പേരു പറഞ്ഞ് അവരുമായി കൈകോര്‍ക്കാനാവില്ലെന്നുമാണ് സുമന്‍ മിത്ര ഇതിനെ ന്യായീകരിക്കുന്നത്.

ബി.ജെ.പിയെ തടയുക എന്ന മുഖ്യ ലക്ഷ്യത്തില്‍ നടക്കാന്‍ പോകുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റീല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും. മൂന്നുസീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഖരഗ്പുര്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഈ സീറ്റില്‍ ഒഴിവ് വന്നത്. മറ്റ് രണ്ട് സീറ്റുകളിലൊന്നായ കലിഗഞ്ച് സീറ്റ് കോണ്‍ഗ്രസ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്നാണ് ഒഴിവ് വന്നത്. തൃണമൂല്‍ എം.എല്‍.എ ആയിരുന്ന മഹുവ മൊയിത്ര ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കരിംപുര്‍ സീറ്റില്‍ ഒഴിവ് വന്നത്.