LiveTV

Live

National

‘കശ്മീരില്‍ നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ഭീകരപ്രവര്‍ത്തനം വേറെയില്ല’

കശ്മീരികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

‘കശ്മീരില്‍ നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍  വലിയ ഭീകരപ്രവര്‍ത്തനം വേറെയില്ല’

ജമ്മു കശ്മീർ വിഷയത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് പ്രിയങ്ക
ഗാന്ധി. കശ്മീരികളുടെ അവകാശങ്ങൾ ഹനിക്കുന്നതിനേക്കാൾ വലിയ രാജ്യദ്രോഹ പ്രവർത്തനം വേറെയില്ലെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെട്ട നേതാക്കളെ കശ്മീരിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതിന് പിറകെയാണ് പ്രിയങ്കയുടെ പ്രതികരണം.

കശ്മീരികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. അവകാശങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ വലിയ ഭീകരപ്രവർത്തനം വേറെയില്ലെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, രാഹുൽ
ഗാന്ധിക്ക് മുന്നിൽ തന്റെ സങ്കടം പറയുന്ന കശ്മീരി സ്ത്രീയുടെ വെെറലായ വീഡിയോയും ഷെയർ ചെയ്തു.

അനീതിക്കെതിരെ മിണ്ടാതിരിക്കരുത്, ഓരോരുത്തരുടെയും ശബ്ദം ഉയരേണ്ട സമയാണിത്. എത്രകാലം ഇത് തുടരുമെന്നും, ദേശീയതയുടെ പേരിൽ നിശബ്ദരാക്കിയ ലക്ഷങ്ങളിൽ ഒന്ന് മാത്രമാണ് ഈ വീഡിയോയിലുള്ളതെന്നും പ്രിയങ്ക പ്രതികരിച്ചു.

നേരത്തെ, വസ്തുതകൾ മനസ്സിലാക്കാനായി രാഹുലിനെ ജമ്മു കശ്മീരിലേക്ക് ക്ഷണിക്കുന്നതായും, വേണമെങ്കിൽ വിമാനം അയക്കാമെന്നും പറഞ്ഞ ഗവർണർ സത്യപാൽ മാലിക്കിന് മറുപടിയായാണ് രാഹുലും സംഘവും കശ്മീരിലെത്തിയത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പുറത്തിറങ്ങാൻ അനുവദിക്കാതെ തിരിച്ചയക്കുകയാണുണ്ടായത്.

ഭീകരവാദത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനിടയിൽ രാഷ്ട്രീയ നേതാക്കൾ കശ്മീർ സന്ദർശിക്കരുതെന്ന് ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ ‍ഡിപ്പാർട്ട്മെന്റിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.