LiveTV

Live

National

കശ്മീര്‍; ഫോണ്‍ കണക്ഷന്‍ ഇല്ലാത്തത് ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഭേദമെന്ന് ഗവര്‍ണര്‍

സ്ഥിതിഗതികൾ ശാന്തമായാല്‍ എല്ലാം പുനസ്ഥാപിക്കുമെന്നാണ് സർക്കാർ പറഞ്ഞത്.

കശ്മീര്‍; ഫോണ്‍ കണക്ഷന്‍ ഇല്ലാത്തത് ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഭേദമെന്ന് ഗവര്‍ണര്‍

ജമ്മു കശ്മീരിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടെന്ന വാർത്തകൾ തള്ളി ഗവർണർ സത്യപാൽ മാലിക്. ടെലിഫോൺ കണക്ഷനുകൾ ലഭ്യമല്ലാത്തത്, ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമുള്ള കാര്യമാണെന്നും ഗവർണർ പറഞ്ഞു. പ്രത്യേകാധികാരം എടുത്ത് കളഞ്ഞ ശേഷം മൂന്ന് ആഴച്ചയോളമായി കശ്മീരിൽ വാർത്താവിനിമയ കണക്ഷനുകൾ വിച്ഛേദിച്ചിരിക്കുകയാണ്.

കശ്മീരിൽ എന്തെങ്കിലും പ്രശ്നങ്ങൾ നടന്നാൽ ആദ്യത്തെ ഒരാഴ്ച്ച ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെടുമായിരുന്നു. എന്നാൽ ഇത്തവണ എവിടെയും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പത്ത് ദിവസം ഫോൺ ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് അവിടം കൊണ്ട് തീര്‍ന്നു. എല്ലാം പഴയപടിയാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു മാറ്റി, വിഭജിച്ചതിന്റെ പശ്ചാതലത്തിലാണ് സംസ്ഥാനത്തെ എല്ലാ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളും സർക്കാർ നിർത്തലാക്കിയത്. 50,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരേയും താഴ്‍വരയിൽ നിയോഗിച്ചു. സ്ഥിതിഗതികൾ ശാന്തമായാല്‍ എല്ലാം പുനസ്ഥാപിക്കുമെന്നാണ് സർക്കാർ പറഞ്ഞത്.

അവശ്യ സാധനങ്ങളുടെ കുറവുണ്ടെന്ന വാർത്ത തെറ്റാണ്. ഈദ് ദിനത്തിൽ ഇറച്ചിയും പച്ചക്കറികളുമെല്ലാം വീടുകളിൽ എത്തിച്ചിരുന്നുവെന്നും പറഞ്ഞ ഗവർണർ, പത്ത് - പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇതെല്ലാം മാറ്റിപറയേണ്ടി വരുമെന്നും പറഞ്ഞു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിലെ 97ൽ 25 ടെലിഫോൺ എക്സ്ചേഞ്ചുകളെ പ്രവർത്തിക്കുന്നുള്ളു.