LiveTV

Live

National

നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

സെപ്തംബര്‍ നാലിനകം സമര്‍പ്പിക്കപ്പെടുന്ന നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഏഴാണ്...

നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം 23ന് വോട്ടെടുപ്പും 27ന് വോട്ടെണ്ണലും നടക്കും. അടുത്ത മാസം 29നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം.

കേരളത്തിലെ പാലാ നിയോജക മണ്ഡലത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കേന്ദ്രമായ ദന്തേവാഡ, ത്രിപുരയില്‍ ബാദാര്‍ഹാട്ട്, ഉത്തര്‍പ്രദേശില്‍ ഹാമിര്‍പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. മുന്‍ സംസ്ഥാന മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് അര നൂറ്റാണ്ടിനു ശേഷം പാല പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്.

യു.പിയിലെ ഹാമിര്‍പൂരില്‍ ബി.ജെ.പി എം.എല്‍.എയെ കൊലപാതക കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും നാലു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ നാലിനകം സമര്‍പ്പിക്കപ്പെടുന്ന നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഏഴാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ അടിയന്തര പ്രാബല്യത്തോടെ പെരുമാറ്റചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു.