LiveTV

Live

National

തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്കർ ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയം; എട്ട് പേര്‍ കസ്റ്റഡിയില്‍

രണ്ട് പേര്‍ കോയമ്പത്തൂരിൽ നിന്നും ബാക്കിയുള്ളവർ തിരുവാരൂരിലെ മുത്തുപേട്ടിൽ നിന്നുമാണ് പിടിയിലായത്. സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലും ആരാധനാലയങ്ങളിലുമെല്ലാം സുരക്ഷയും പരിശോധനയും വര്‍ധിപ്പിച്ചു.

തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്കർ  ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയം; എട്ട് പേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്കർ ഇ തൊയ്ബ ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍, എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ കോയമ്പത്തൂരിൽ നിന്നും ബാക്കിയുള്ളവർ തിരുവാരൂരിലെ മുത്തുപേട്ടിൽ നിന്നുമാണ് പിടിയിലായത്. സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലും ആരാധനാലയങ്ങളിലുമെല്ലാം സുരക്ഷയും പരിശോധനയും വര്‍ധിപ്പിച്ചു.

ചെന്നൈ സ്വദേശി സിദ്ദിഖ്, പൊന്‍വിഴ നഗര്‍ സ്വദേശി സഹീര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഭീകര സംഘത്തിന് സഹായം നല്‍കിയെന്ന് തമിഴ്നാട് പൊലീസ് സംശയിക്കുന്ന തൃശൂര്‍ സ്വദേശി അബ്ദുല്‍ ഖാദറുമായി ഇവര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നാണ് സ്ത്രീ ഉള്‍പ്പടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയും ചോദ്യം ചെയ്യുകയാണ്. ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാൽ മുത്തുപ്പേട്ടയില്‍ പരിശോധന കൂടുതൽ ശക്തമാക്കി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചില്‍ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്ന് കടൽമാർഗം തമിഴ്നാട്ടിൽ തീരത്ത് എത്തിയ, തീവ്രവാദി സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വര്‍ ആണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അര്‍ധസൈനിക വിഭാഗത്തെയടക്കം 7000 പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.