LiveTV

Live

National

കശ്മീരിലേക്ക് തിരിച്ച പ്രതിപക്ഷ സംഘത്തോടൊപ്പമുള്ള റിപ്പോര്‍ട്ടിങ്; ആജ്തക് ടിവിക്കെതിരെ സംഘ്പരിവാര്‍

വിമാനത്തില്‍ നിന്നുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം തേടിയതും അവിടുത്തെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.

കശ്മീരിലേക്ക് തിരിച്ച പ്രതിപക്ഷ സംഘത്തോടൊപ്പമുള്ള റിപ്പോര്‍ട്ടിങ്; ആജ്തക് ടിവിക്കെതിരെ സംഘ്പരിവാര്‍

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആജ്തക് ടിവിക്കും റിപ്പോര്‍ട്ടര്‍ മൗസമി സിങിനുമെതിരെ സംഘ്പരിവാര്‍. വിമാനത്തില്‍ നിന്നുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം തേടിയതും അവിടുത്തെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.

ഇതിനായി ഷെയിം ഓണ്‍ ആജ്തക്(#ShameOnAajTak) എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ഇവര്‍ സജീവമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക മൗസമി സിങിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് സംഘ്പരിവാര്‍ അഴിച്ചുവിടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് മൗസമിയെന്നും ടി.ആര്‍.പി റേറ്റിങ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്ത് വേലയും ഒപ്പിക്കുന്നവരാണ് ആജ്തക് ടിവിയെന്നുമൊക്കൊയാണ് സംഘ്പരിവാര്‍ അംഗങ്ങള്‍ പ്രചരിപ്പിക്കുന്നത്.

അതേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍വെച്ച് മൗസമി സിങിനെയും ഏതാനും ചില മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തിരുന്നു. ഈ അക്രമത്തെ ന്യായീകരിച്ചും ഇക്കൂട്ടര്‍ രംഗത്തുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘമാണ് കശ്മീരിലെ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ, ശരദ് യാദവ് തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷ സംഘത്തെ ലക്ഷ്യസ്ഥാനത്തെത്താന്‍ അനുവദിച്ചില്ല. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടയുകയായിരുന്നു.