LiveTV

Live

National

കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും തിരിച്ചയച്ചു

ജമ്മു കശ്മീര്‍ ഗവര്‍ണ്ണറുടെ ക്ഷണം സ്വീകരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ജമ്മു കശ്മീരിലേക്ക് തിരിച്ചത്. 

കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും  തിരിച്ചയച്ചു

ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തിനായി പോയ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളെ പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെയായിരുന്നു തിരിച്ചയത്. സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കയ്യേറ്റവും ഉണ്ടായി. ജമ്മുകാശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വ്യക്തമായെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ഗാന്ധി പറഞ്ഞു.

വസ്തുതകള്‍ മനസിലാക്കാതായാണ് രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിക്കുന്നതെന്നും യാഥാര്‍ത്ഥ്യം തിരിച്ചറിയാനായി രാഹുലിനെ ജമ്മുകാശ്മീരിലേക്ക് ക്ഷണിക്കുന്നതായും നേരത്തെ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ച് രാഹുല്‍ഗാന്ധി പ്രതിപക്ഷ സംഘത്തോടൊപ്പം ജമ്മുകാശ്മീരിലെത്തുകയായിരുന്നു. ഒമ്പത് പാര്‍ട്ടികളില്‍ നിന്നായി പതിനൊന്ന് നേതാക്കളാണ് രാഹുലിനോടൊപ്പം പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, ശ്രീനഗര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ നേതാക്കളെ പോലീസ് സംഘം അനുവദിച്ചില്ല.

നേതാക്കളുടെ പ്രതികരണം എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കയ്യേറ്റവും ഉണ്ടായി. താന്‍ നല്ല ഉദ്ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ ക്ഷണിച്ചതെന്നും എന്നാല്‍ അത് പ്രതിപക്ഷസംഘം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും ഗവര്‍ണര്‍ സത്യപാല്‍ മലിക് പ്രതികരിച്ചു. ജമ്മുകാശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് തങ്ങളെ തടഞ്ഞതിലൂടെ മനസ്സിലാക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിക്കുന്നതായും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി.എം.കെ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി പ്രതിനിധികള്‍ എന്നിവരാണ് ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തിനായി എത്തിയത്.

അതേസമയം വീട്ടുതടങ്കലില്‍ കഴിയുന്ന കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കായി സി.പി.എം സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി.