LiveTV

Live

National

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗം മാത്രം പിടിച്ചു നിന്നത് നിര്‍മ്മല മറക്കരുതെന്ന് കോണ്‍ഗ്രസ്

കേന്ദ്രബജറ്റിലെ തീരുമാനങ്ങളില്‍ നിന്നുള്ള തിരിച്ച് പോക്കാണ് പല പ്രഖ്യാപനങ്ങളിലൂടെയും നിര്‍മ്മല സീതാരാമന്‍ നടത്തിയത്

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗം മാത്രം പിടിച്ചു നിന്നത് നിര്‍മ്മല മറക്കരുതെന്ന് കോണ്‍ഗ്രസ്

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ പ്രമുഖ വ്യവസായികള്‍ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് അടിയന്തര ഇടപെടലിന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന പല നിര്‍ണ്ണായക തീരുമാനങ്ങളും സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതോടെ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗം മാത്രം പിടിച്ചു നിന്നത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മറക്കരുതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കേന്ദ്രബജറ്റിലെ തീരുമാനങ്ങളില്‍ നിന്നുള്ള തിരിച്ച് പോക്കാണ് പല പ്രഖ്യാപനങ്ങളിലൂടെയും നിര്‍മ്മല സീതാരാമന്‍ നടത്തിയത്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ബജറ്റിലെ നിര്‍ണ്ണായകമായ തീരുമാനമായിരുന്നു അതിസമ്പന്നര്‍ക്കുമുള്ള സൂപ്പര്‍ റിച്ച് ടാക്സ്. എന്നാല്‍ ഇത് ഏര്‍പ്പെടുത്തിയതോടെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഈക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യമുണ്ടായി. ഏകേദശം ഇരുപതിനായിരം കോടിക്ക് മുകളില്‍ രണ്ട് മാസത്തിനുള്ളില്‍ മാത്രം പിന്‍വലിക്കപ്പെട്ടുവെന്നാണ് കണക്ക്. പ്രത്യാഘാതം ബോധ്യമായതോടെ വിദേശനിക്ഷേപകര്‍ക്കുള്ള സര്‍ചാര്‍ജ് പിന്‍വലിക്കേണ്ടി വന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മേലുളള എയ്ഞ്ചല്‍ ടാക്സും സമാനമായ രീതിയില്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതായാണ് ഇന്നലെ നടത്തിയ വാര്‍ത്തസമ്മേനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. കന്പനികളുടെ സാമൂഹ്യപ്രതിബന്ധത പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നാല്‍ ക്രിമിനല്‍ കുറ്റമാക്കുമെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. അതും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

അതേസമയം തീരുമാനങ്ങളില്‍ നിന്ന് പിന്നാക്കം പോയ മോദി സര്‍ക്കാരിനെയും നിര്‍മ്മല സീതാരാമനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആഗോളമാന്ദ്യമാണ് ഇന്ത്യയിലെ മാന്ദ്യത്തിനും വഴിവെച്ചതെന്ന നിര്‍മ്മല സീതാരാമന്റെ ന്യായീകരണത്തെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. 2008 ലുണ്ടായ ആഗോള മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗം മാത്രം പിടിച്ച് നിന്നത് മറക്കുരുതെന്നാണ് ധനമന്ത്രിയെ കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് ഇന്ത്യന്‍ സമ്പദ് രംഗം പിടിച്ച് നിന്നത് മന്‍മോഹന്‍ സിങിന്റെ നയങ്ങള്‍ കൊണ്ടാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.